ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയ രംഗത്ത് പിടിമുറുക്കാന്‍ ഡി.വൈ.എഫ്.ഐ.
ഇതാദ്യമായാണ് ഈ മേഖലയില്‍ സജീവമായൊരു ഇടപെടലിന് വിപ്ലവ യുവജന സംഘടന നേതൃത്ത്വം കൊടുക്കുന്നത്.
ബാംഗ്ലൂരില്‍ ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച നാഷണല്‍ വര്‍ക്ക് ഷോപ്പില്‍ സോഷ്യല്‍ മീഡിയ രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.
മാധ്യമ പ്രവര്‍ത്തകനായ ബി.പ്രഭീര്‍ പുര്‍കോയസ്ത് പരിപാടി ഉദ്ഘാടനം ചെയ്തു.
കോര്‍പ്പറേറ്റ് താല്‍പര്യം സംരക്ഷിക്കുന്നതിനായി ഭീമന്‍ മാധ്യമ കമ്പനികളും വര്‍ഗ്ഗീയ ശക്തികളും ‘ അജണ്ടകളും’ നുണകളും പ്രചരിപ്പിക്കുന്ന പുതിയ കാലത്ത് സോഷ്യല്‍ മീഡിയയുടെ പങ്ക് വളരെ വലുതാണെന്ന് ഡി.വൈ.എഫ്.ഐ നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.
2016-ലെ വൈറല്‍ സോഷ്യല്‍ മീഡിയ റിപ്പോര്‍ട്ട് പറയുന്നത് 7,395 ബില്യണ്‍ ലോക ജനസംഖ്യയില്‍ 3,419 ബില്യണ്‍ ജനങ്ങളും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരാണെന്നാണ്. അതില്‍ 2,307 ബില്യണ്‍ ജനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇന്ത്യയില്‍ 28.4% പേര്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരും 10% പേര്‍ (136 മില്യണ്‍) സോഷ്യല്‍ മീഡിയയില്‍ സജീവവുമാണ്. ഈ രംഗത്തുള്ളവരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്. ഉദാ: 2012-ല്‍ ഫേസ്ബുക്ക് ഉപയോഗിച്ചിരുന്നവര്‍ വെറും 2.5% ആയിരുന്നെങ്കില്‍ 2016-ല്‍ ഇത് 15% ആയി കുത്തനെ വര്‍ധിച്ചു. രാജ്യത്തെ 28% ആളുകള്‍ വാട്‌സ്ആപ്പ് ഉപയോഗിക്കുന്നു.
എന്നാല്‍ ഈ മേഖലയിലും ഇപ്പോള്‍ ഇവന്റ് മാനേജ്‌മെന്റ് ടീമും സാങ്കേതിക വിദഗ്ധരും പിടിമുറുക്കുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ കൂടി വര്‍ഗ്ഗീയതക്കെതിരായും ചൂഷണങ്ങള്‍ക്ക് എതിരായും അഖിലേന്ത്യ തലത്തില്‍ ശക്തമായ ഇടപെടലുകള്‍ക്ക് ഡിവൈഎഫ്‌ഐ നേതൃത്വം കൊടുക്കുകയാണ്.
മുദ്രാവാക്യങ്ങളും, പോസ്റ്റുകളും, പോസ്റ്ററുകളും മറ്റും തയ്യാറാക്കുന്നതിനായി ഒരു കോര്‍ ടീം രൂപീകരിച്ചു. സംഘടക്ക് സ്വാധീനമില്ലാത്ത സ്ഥലങ്ങളിലേക്കും ഗ്രമങ്ങളിലും മതേതര – ജനകീയ ആശയങ്ങള്‍ എത്തിക്കുന്ന തരത്തിലായിരിക്കും പ്രവര്‍ത്തനം.
വര്‍ക്ക്‌ഷോപ്പില്‍ അഖിലേന്ത്യ പ്രസിഡന്റ് മുഹമ്മദ് റിയാസ്, സെക്രട്ടറി അവോയ് മുഖര്‍ജി, പ്രീതി ശേഖര്‍, രാജശേഖര മൂര്‍ത്തി, ഗണേഷ് ശേണായി, നിധിന്‍ കണിച്ചേരി എന്നിവര്‍ സംസാരിച്ചു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 89 യുവതീ-യുവാക്കള്‍ പങ്കെടുത്തു.