കൊച്ചി : കോണ്‍ഗ്രസ്സ് ദേശീയ അദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട രാഹുല്‍ ഗാന്ധിയോട് 12 ചോദ്യങ്ങള്‍ ഉയര്‍ത്തി ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ് രംഗത്ത്.
ഫെയ്‌സ് ബുക്കിന്റെ പൂര്‍ണ്ണരൂപം ചുവടെ:
പ്രിയപ്പെട്ട രാഹുല്‍ജി,
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ദേശീയ അദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടതില്‍ അങ്ങേക്ക് അഭിനന്ദനങ്ങള്‍. നമ്മുടെ രാജ്യം സംഘപരിവാര്‍ വാഴ്ച്ചയുടെ ഇരുണ്ട ദിനങ്ങളിലൂടെ പോയിക്കൊണ്ടിരിയ്ക്കുന്ന ഈ വേളയില്‍, പ്രധാന പ്രതിപക്ഷ കക്ഷിയുടെ നേതാവായായി താങ്കള്‍ അവരോധിക്കപ്പെടുന്നത് മതേതര ജനാധിപത്യ ജനത വലിയ പ്രതീക്ഷയോടെയാണ് നോക്കി കാണുന്നത്. എന്നാല്‍ ചില ചോദ്യങ്ങള്‍ താങ്കളോടു ഉന്നയിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.
1. ഇന്നു ജനജീവിതം ദുസ്സഹമാക്കി കൊണ്ട് മോദി സര്‍ക്കാര്‍ നടപ്പിലാക്കുന്ന നവ ഉദാരവത്ക്കരണ നയങ്ങള്‍ രാജ്യത്ത് തുടങ്ങി വെച്ചത് കോണ്‍ഗ്രസ്സാണ്. ആ നയങ്ങളെ തള്ളി പറയാന്‍ താങ്കള്‍ തയ്യറാണോ?
2. പൊതുമേഖല സ്ഥാപനങ്ങള്‍ വിറ്റുതുലച്ചും, തസ്തികകള്‍ വെട്ടിക്കുറച്ചും, തൊഴിലില്ലായ്മ രൂക്ഷമാക്കിയ നയങ്ങള്‍ കോണ്‍ഗ്രസ് തുടങ്ങിയതല്ലേ? ആ നയങ്ങള്‍ താങ്കള്‍ തള്ളി പറയുമോ?
3.ഭക്ഷ്യധാന്യങ്ങളുടെ ഇറക്കുമതി തീരുവ നീക്കം ചെയ്തും, താങ്ങുവില കുറച്ചും കര്‍ഷകരെ ആത്മഹത്യയിലേക്ക് തള്ളിയിട്ട നയങ്ങളുടെ ഉപജ്ഞാതാക്കളായ കോണ്‍ഗ്രസ്, കര്‍ഷകര്‍ക്ക് വേണ്ടി പോരാടുമെന്നു പറയുന്നതില്‍ എന്തെങ്കില്ലും ആത്മാര്‍ത്ഥ ഉണ്ടോ?
4. രാജസ്ഥാനിലും, മഹാരാഷ്ട്രയിലും, മധ്യപ്രദേശിലുമൊക്കെ നടക്കുന്ന കര്‍ഷക സമരമുള്‍പ്പെടെ മോദി സര്‍ക്കാരിന്റെ ജന വിരുദ്ധ നയങ്ങള്‍ക്കെതിരായ പോരാട്ടങ്ങളില്‍ എന്തുകൊണ്ടാണ് കോണ്‍ഗ്രസ് പങ്കെടുക്കാത്തത്?
5. 2010 ല്‍ പെട്രോളിയം ഉത്പന്നങ്ങളുടെ വില നിയന്ത്രണാധികാരം ഗവര്‍മെന്റില്‍ നിന്നും എടുത്തു കളഞ്ഞ കോണ്‍ഗ്രസ്, പെട്രോളിന്റെ വില വര്‍ദ്ധനവിനെതിരെ സമരം ചെയ്യുന്നതിന്റെ ഔചിത്യമെന്താണ്?
6. ബി.ജെ.പിക്ക് ബദല്‍ തങ്ങള്‍ മാത്രമാണെന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസിന്, എന്തു ബദല്‍ നയങ്ങളാണ് ജനങ്ങള്‍ക്കു മുന്നില്‍ വെയ്ക്കാനുള്ളത്?
7. ത്രീവ ഹിന്ദുത്വത്തെ മൃദു ഹിന്ദുത്വം കൊണ്ടു നേരിടാനുള്ള ശ്രമത്തിന്റെ ഭാഗമായല്ലേ ഗുജറാത്തില്‍ അമ്പലങ്ങള്‍ ചുറ്റിനടന്ന് ഇലക്ഷന്‍ പ്രചരണം നടത്തിയത്?
8. കല്‍ ബുര്‍ഗിയുടെയും ഗൗരി ലങ്കേഷിന്റെയും കൊലപതകികളായ ഹിന്ദുത്വ ത്രീവവാദ ശക്തികളെ പിടിക്കൂടാന്‍ കഴിയാത്ത കര്‍ണാടകയിലെ സര്‍ക്കാര്‍ നിങ്ങളുടെ തല്ലേ?
9. മുന്‍ മുഖ്യമന്ത്രിമാരും കേന്ദ്ര മന്ത്രിമാരുമുള്‍പ്പെടെ എത്ര കോണ്‍ഗ്രസ് നേതാക്കളാണ് ബി.ജെ.പിയില്‍ ചേര്‍ന്നു കൊണ്ടിരിക്കുന്നത്. ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെ സംഘടനക്കുള്ളില്‍ തന്നെ ആശയ പ്രചരണം നടത്തുന്നതിലെ കോണ്‍ഗ്രസിന്റെ പരാജയമല്ലേ ഇത് തെളിയിക്കുന്നത്?
10.സംഘപരിവാറിനെതിരെ സന്ധിയിലാതെ പോരാടുന്ന കേരളത്തിലെ സി.പി.ഐ.എം ഉള്‍പ്പെടെയുള്ള ഇടതുസംഘടനകള്‍ക്കെതിരെ, ഞടട അഴിച്ചുവിടുന്ന അക്രമ രാഷ്ട്രീയത്തെ തള്ളി പറയാതെ, കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി നടത്തുന്ന തെറ്റായ മാര്‍ക്‌സിസ്റ്റ് വിരുദ്ധ പ്രചരണം തിരുത്താന്‍ താങ്കള്‍ തയ്യാറാകുമോ?
11. വിവിധ സംസ്ഥാനങ്ങളില്‍ മുന്‍ മുഖ്യമന്ത്രിമാരും മന്ത്രിമാരും എം.പിമാരുമടങ്ങുന്ന കോണ്‍ഗ്രസ് നേതാക്കള്‍ അഴിമതിക്കും മറ്റു നിരവധി ആരോപണങ്ങളിലും കുറ്റക്കാരെന്ന് കണ്ടെത്തിയിട്ടും അവരെ പുറത്താക്കാനുള്ള ആര്‍ജ്ജവം കാണിക്കാത്ത പാര്‍ട്ടിയല്ലേ കോണ്‍ഗ്രസ്? അതിനു താങ്കള്‍ തയ്യാറാകുമോ?
12. ജനാധിപത്യം സംരക്ഷിക്കുമെന്നു അവകാശപ്പെടുന്ന താങ്കള്‍ സ്വന്തം സംഘടനയില്‍ ജനാധിപത്യ രീതിയില്‍ സംഘടനാ തിരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറാകുമോ?
നേതൃത്വത്തില്‍ ഏതെങ്കില്ലും ഒരു വ്യക്തി മാറി മറ്റൊരാള്‍ വന്നാല്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ നയങ്ങള്‍ മാറുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നില്ല. കോണ്‍ഗ്രസ് കഴിഞ്ഞ കാലങ്ങളില്‍ സ്വീകരിച്ച ജന വിരുദ്ധ നയസമീപനങ്ങള്‍ തെറ്റാണ് എന്ന് ഏറ്റു പറഞ്ഞ്, നവലിബറല്‍ നയവും മൃദു ഹിന്ദുത്വ വാദവും ഉപേക്ഷിച്ച് ശരിയായ ജനകീയ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ചാല്‍ മാത്രമേ കോണ്‍ഗ്രസിനു ജനമനസുകളിലേക്ക് തിരിച്ചു വരാന്‍ സാധിക്കൂ.
ആ ചരിത്രപരമായ ദൗത്യം നിറവേറ്റാന്‍ താങ്കള്‍ക്ക് ഇച്ഛാശക്തിയുണ്ടോ എന്നാണ് ഇന്ത്യന്‍ ജനത ഉറ്റുനോക്കുന്നത്.