ഒരു കുഞ്ഞുജീവന്‍ കയ്യില്‍ പിടിച്ച് കണ്ണൂരിലെ പരിയാരം മെഡിക്കല്‍ കോളേജില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പറന്നെത്തിയ ആംബുലന്‍സ് ഡ്രൈവര്‍ തമീമിനേയും സാഹചര്യമൊരുക്കിയ പോലീസിനെയും അഭിനന്ദിച്ച് ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസ്.
വെറും ഏഴുമണിക്കൂര്‍ കൊണ്ടാണ് കണ്ണൂര്‍ നിന്നും ആംബുലന്‍സ് തിരുവനന്തപുരത്തെത്തിയത്.
മലയാളിയുടെ മനസിന്റെ നന്മയും സേവനസന്നദ്ധതയും സാമൂഹ്യ മാദ്ധ്യമങ്ങളുടെ ശക്തിയും ഒരിക്കല്‍ കൂടി തെളിയിച്ചു കൊണ്ടാണ് ഇന്നലെ ആംബുലന്‍സ് കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് 7 മണിക്കൂര്‍ കൊണ്ട് പറന്നെത്തിയതെന്ന് റിയാസ് പറയുന്നു.
ഫേസ്ബുക്കിലൂടെയാണ് റിയാസിന്റെ പ്രതികരണം.
മുഹമ്മദ് റിയാസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
മലയാളിയുടെ മനസിന്റെ നന്മയും സേവനസന്നദ്ധതയും സാമൂഹ്യ മാദ്ധ്യമങ്ങളുടെ ശക്തിയും ഒരിക്കല്‍ കൂടി തെളിയിച്ചുകൊണ്ടാണിന്നലെ ആ ആംബുലന്‍സ് കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് 7 മണിക്കൂര്‍ കൊണ്ട് പറന്നെത്തിയത്. പരിയാരം മെഡിക്കല്‍ കോളേജില്‍ നിന്ന് 31 ദിവസം പ്രായമായ ആ കുഞ്ഞിന്റെ ജീവനു വേണ്ടി ഹൃദയം കൊണ്ട് ആംബുലന്‍സ് ഓടിച്ച ആ ഡ്രൈവര്‍ തമീമിനേയും സാഹചര്യമൊരുക്കിയ പോലീസിനെയും കണ്ണൂര്‍ മുതല്‍ തിരുവനന്തപുരം വരെ സജ്ജരായി നിന്ന, വാട്ട്‌സപ്പും ഫേസ്ബുക്കും വഴി കൃത്യമായ നിര്‍ദ്ദേശങ്ങളും ഫോളോ അപ്പും നല്‍കിക്കൊണ്ട് അണിനിരന്ന സേവനസന്നദ്ധരായ മുഴുവന്‍ യുവജനങ്ങളെയും റോഡില്‍ തടസങ്ങള്‍ വരാതെ ശ്രദ്ധിച്ച് വഴിയൊരുക്കിയ മുഴുവന്‍ സുഹൃത്തുക്കളെയും അഭിനന്ദിക്കുന്നു.