കൊച്ചി: പിതാവിനെ നഷ്ടപ്പെട്ട മകന്റെ കണ്ണുകളില്‍ എരിയുന്ന വിപ്ലവ വീര്യം… ഭര്‍ത്താവിന്റെ പിതാവിനെ കൊന്നവരോടു ആശയപരമായി യുദ്ധം പ്രഖ്യാപിച്ച മരുമകള്‍…
ഇവരുടെ കണ്ടുമുട്ടലിന്റെ വേദിയായി മാറി ഡിവൈഎഫ്‌ഐ ദേശീയ സമ്മേളന വേദി.
വെറുപ്പിന്റെ കാവി രാഷ്ട്രീയത്തിനെതിരെ പ്രതികരിച്ചതിന്റെ പേരില്‍ കൊല്ലപ്പെട്ട നരേന്ദ്ര ധാബോല്‍ക്കറുടെ മകന്‍ ഡോ.ഹമീദ് ധാബോല്‍ക്കറും ഗോവിന്ദ പന്‍സാരയുടെ മരുമകളായ പ്രൊഫ. മേഘപന്‍സാരയുമാണ് കൊച്ചിയിലെ ഡിവൈഎഫ്‌ഐ സമ്മേളന വേദിയില്‍ കണ്ട് മുട്ടിയത്.
മഹാരാഷ്ട്ര അന്ധശ്രദ്ധ നിര്‍മൂലന്‍ സമിതി നേതാവാണ് ഹമീദ് ധാബോല്‍ക്കര്‍. കോലാപൂര്‍ ശിവജി സര്‍വ്വകലാശാലയിലെ വിദേശഭാഷാ വിഭാഗം അദ്ധ്യാപികയാണ് മേഘപന്‍സാരെ.
സംഘപരിവാര്‍ രാഷ്ടീയത്തോട് യുദ്ധം പ്രഖ്യാപിച്ചവരാണ് ഇരുവരും. അതുകൊണ്ട് തന്നെ ഡിവൈഎഫ്‌ഐ സമ്മേളന പ്രതിനിധികള്‍ ആവേശത്തോടെയാണ് ഇരുവരുടെയും പ്രസംഗത്തെ വരവേറ്റത്.
ഗോവിന്ദ് പന്‍സാരെയും നരേന്ദ്ര ധാബോല്‍ക്കറും എം എം കലബുര്‍ഗിയുമെല്ലാം കൊല്ലപ്പെട്ടത് സമാനമായ രീതിയിലാണ്. അന്ധവിശ്വാസങ്ങള്‍ക്കെതിരെ പൊരുതി ജനങ്ങളില്‍ യുക്തിചിന്തയുടെ ഊര്‍ജം നിറയ്ക്കാന്‍ ശ്രമിച്ചവരാണ് മൂവരും. ഈ സാമ്യമാണ് മൂവര്‍ക്കും ഒരേ ശിക്ഷവിധിക്കാന്‍ സംഘപരിവാറിനെ പ്രേരിപ്പിച്ചതെന്ന് മേഘ പറഞ്ഞു.
പന്‍സാരെ കൊല്ലപ്പെട്ടശേഷവും അദ്ദേഹത്തിന്റെ ആശയങ്ങള്‍ ഉയര്‍ത്തി മഹാരാഷ്ട്രയില്‍ പുരോഗമനശക്തികള്‍ പ്രവര്‍ത്തനം തുടരുകയാണ്. അദ്ദേഹത്തിന്റെ രക്തസാക്ഷിത്വത്തിന്റെ രണ്ടാം വാര്‍ഷികം ഈ മാസം 20ന് ആചരിക്കുകയാണ്. കോലാപുരില്‍ അദ്ദേഹം നടക്കാറുണ്ടായിരുന്ന വഴികളിലൂടെയും മറ്റിടങ്ങളിലും എല്ലാ മാസവും പ്രഭാതസവാരി സംഘടിപ്പിക്കാറുണ്ട്. പ്രതീകാത്മകമായ ഈ പ്രതിഷേധ പരിപാടിയില്‍ ഒട്ടേറെ പേര്‍ പങ്കെടുക്കുന്നു. കേസന്വേഷണം ഇഴഞ്ഞുനീങ്ങുന്നതിരെ നിയമപോരാട്ടവും തുടരുകയാണ്.
രാജ്യത്ത് യുക്തിചിന്തയെ നിശബ്ദമാക്കാന്‍ ആസൂത്രിത നീക്കം നടക്കുകയാണ്. മതം, ജാതി, ഭാഷ, സംവരണം തുടങ്ങി പലതിന്റെയും പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കുകയാണ് ഭരണാധികാരികള്‍. ശത്രുവിനെയും മിത്രത്തെയും തിരിച്ചറിയുകയാണ് സാമൂഹ്യപുരോഗതിക്കുവേണ്ടിയുള്ള പോരാട്ടത്തിന്റെ ആദ്യപടിയെന്ന ഗോവിന്ദ് പന്‍സാരെയുടെ വാക്കുകള്‍ ഓര്‍മിപ്പിച്ചാണ് മേഘ തന്റെ പ്രസംഗത്തിന് വിരാമമിട്ടത്.
ഹിന്ദുത്വ തീവ്രവാദികള്‍ ധാബോല്‍ക്കറുടെയും പന്‍സാരെയുടെയും ജീവനെടുത്തശേഷവും ഇരുവരുടെയും ആശയങ്ങളില്‍ വിശ്വസിക്കുന്നവര്‍ കൂടുതല്‍ ശക്തമായി പ്രവര്‍ത്തനരംഗത്തുണ്ടെന്ന് ഹമിദ് ധാബോല്‍ക്കര്‍ പറഞ്ഞു.
തന്റെ അച്ഛന്‍ കൊല്ലപ്പെട്ട് മൂന്നരവര്‍ഷമായിട്ടും പ്രതികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരാന്‍ ഭരണാധികാരികള്‍ക്ക് കഴിഞ്ഞിട്ടില്ല. ദുര്‍മന്ത്രവാദവിരുദ്ധ നിയമം പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ നീണ്ട 18 വര്‍ഷം പരിശ്രമിച്ചയാളാണ് നരേന്ദ്ര ധാബോല്‍ക്കര്‍.
ഒടുവില്‍ അദ്ദേഹത്തിന്റെ മരണം സൃഷ്ടിച്ച പ്രതിഷേധത്തിന്റെ സമ്മര്‍ദംമൂലമെങ്കിലും മഹാരാഷ്ട്രയില്‍ നിയമം നടപ്പാക്കപ്പെട്ടു. കേരളത്തിലും ദുരാചാരങ്ങള്‍ക്കെതിരെ ഇത്തരം നിയമം കൊണ്ടുവരാന്‍ ഇടതുപക്ഷം സഹകരിക്കണമെന്നും ഹമിദ് അഭ്യര്‍ത്ഥിച്ചു.