ന്യൂഡല്‍ഹി: സിപിഎമ്മിന്റെ യുവജന വിഭാഗമായ ഡിവൈഎഫ്‌ഐയുടെ അഖിലേന്ത്യാ സമ്മേളനം കൊച്ചിയില്‍ വച്ച് നടക്കും.
ഫെബ്രുവരി മാസം 2 മുതല്‍ 7 വരെ കൊച്ചിയില്‍ സമ്മേളനം നടത്താനാണ് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ നേതൃത്വത്തിന്റെ തീരുമാനം. സ്വാഗത സംഘം ഒക്ടോബറില്‍ രൂപീകരിക്കും.
അഖിലേന്ത്യാ സമ്മേളനത്തിന് ആതിഥേയം വഹിക്കാന്‍ തയ്യാറാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന ഘടകവും സിപിഎം സംസ്ഥാന നേതൃത്വവും കേന്ദ്ര ഘടകങ്ങളെ നേരത്തെ തന്നെ അറിയിച്ചിരുന്നു.
സമ്മേളനത്തില്‍ പങ്കെടുക്കാനെത്തുന്ന പ്രതിനിധികള്‍ക്കുള്ള ഭക്ഷണം തയ്യാറാക്കുന്നതിന് വേണ്ടി ജൈവ പച്ചക്കറികളുടെ കൃഷി ഇതിനോടകം തന്നെ ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആരംഭിച്ച് കഴിഞ്ഞു.
നിലവിലെ അഖിലേന്ത്യാ പ്രസിഡന്റ് എംബി രാജേഷ് മാറുന്ന സമ്മേളനത്തില്‍ കേന്ദ്ര കമ്മിറ്റി അംഗം മുഹമ്മദ് റിയാസ് പിന്‍ഗാമിയാകും.
ഇതിന് മുന്നോടിയായി ഡിവൈഎഫ്‌ഐ കേന്ദ്ര സെന്ററിലേക്ക് സിപിഎം കേരള ഘടകം റിയാസിന്റെ സേവനം മാറ്റി നല്‍കിയിട്ടുണ്ട്.
രാജ്യത്ത് ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ വലിയ വെല്ലുവിളി നേരിടുന്ന പശ്ചാത്തലത്തില്‍ യുവജനങ്ങളെ സംഘടനയിലേക്ക് അടുപ്പിക്കുന്നതിനാവശ്യമായ ഇടപെടലുകള്‍ സമ്മേളനത്തിന്റെ ഭാഗമായുണ്ടാവും.
സോഷ്യല്‍മീഡിയ നിര്‍ണ്ണായകമായ കാലത്ത് അവ പരമാവധി ഉപയോഗിക്കാനും ഇടത് രാഷ്ട്രീയത്തിന്റെ പ്രസക്തി പുതിയ തലമുറയെ ബോധ്യപ്പെടുത്താനും പ്രത്യേക കര്‍മ്മ പദ്ധതി തന്നെ തയ്യാറാക്കാനാണ് ഡിവൈഎഫ്‌ഐയുടെ തീരുമാനം.
പൊതുപ്രശ്‌നങ്ങളില്‍ സംഘടനയുടെ ഇടപെടല്‍ കുറഞ്ഞ് വരുന്നതും കേരളം,ത്രിപുര,തമിഴ്‌നാട്, ആന്ധ്രാ പ്രദേശ്, ബംഗാള്‍, ഹിമാചല്‍ പ്രദേശ് അടക്കം സംഘടനക്ക് ശക്തിയുള്ള മേഖലകളില്‍ പോലും പ്രവര്‍ത്തകരില്‍ കണ്ട് വരുന്ന നിസ്സംഗതാ മനോഭാവവും സമ്മേളനത്തില്‍ ചര്‍ച്ചയാവും.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഉള്‍പ്പെടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിനാവശ്യമായ മാര്‍ഗ്ഗരേഖയും തയ്യാറാക്കും.
ബംഗാളില്‍ സംഘടന നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് പ്രത്യേക ചര്‍ച്ചതന്നെ നടക്കും. സമ്മേളനത്തിന്റെ ഭാഗമായി ഡിവൈഎഫ്‌ഐ സംസഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിപുലമായ പ്രചരണ പരിപാടികള്‍ കേരളത്തിലുടനീളം നടക്കും.
സാമൂഹിക-ചലച്ചിത്ര-രാഷ്ട്രീയ മേഖലകളിലെ പ്രമുഖര്‍ പങ്കെടുക്കും. ലക്ഷം യുവജനങ്ങളെ അണിനിരത്തി കൂറ്റന്‍ റാലിയും കൊച്ചിയില്‍ നടക്കും.