കോഴിക്കോട്: കലാലയങ്ങളില്‍ അരങ്ങേറുന്ന അക്രമങ്ങള്‍ക്കെതിരെ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ ജനകീയ കൂട്ടായ്മകള്‍ സംഘടിപ്പിക്കുന്നു.
മാര്‍ച്ച് 6 മുതല്‍ 10 വരെ ഡിവൈഎഫ്‌ഐ രാജ്യത്തെമ്പാടും ജനകീയ കൂട്ടായ്മകള്‍ സംഘടിപ്പിക്കുമെന്ന് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ് അറിയിച്ചു.
ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ രാംജാസ് കോളേജില്‍ എബിവിപി നടത്തിയ അക്രമങ്ങളില്‍ പ്രതിഷേധിച്ച യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനിയും, കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യുവരിച്ച സൈനികന്റെ മകളുമായ ഗുര്‍മെഹര്‍ കൗറിനു നേരേ നവ മാധ്യമങ്ങളില്‍ നടന്ന നീചമായ കടന്നാക്രമണം സമൂഹത്തിനാകെ മാനക്കേടുള്ളവാക്കുന്നതാണെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു.
എബിവിപിയുടെ ഗുണ്ടായിസത്തിനെതിരെയുള്ള പ്രതിഷേധത്തെ ഇന്ത്യന്‍ ദേശീയതയ്‌ക്കെതിരായ വികാരപ്രകടനമായി തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങള്‍ ബോധപൂര്‍വ്വം പല കോണുകളില്‍ നിന്നും ഉണ്ടായി. ആര്‍എസ്എസ്‌ന്റെ തലമുതിര്‍ന്ന ബുദ്ധിജീവിയായ രാകേഷ് സിന്‍ഹ പ്രസ്താവിച്ചത്, ഗുര്‍മെഹര്‍ മരിച്ചു പോയ തന്റെ പിതാവിനെ പരിഹസിക്കുകയാണ് എന്നാണ്. കേന്ദ്ര അഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു ഗുര്‍മഹറിന്റെ മനസ് ആരാണ് ‘മലിനപ്പെടുത്തുന്നത്’ എന്ന ചോദ്യമുയര്‍ത്തി. ബിജെപി എം.പി പ്രതാപ് സിന്‍ഹ പിടികിട്ടാപ്പുള്ളിയായ ഭീകരവാദി ദാവൂദ് ഇബ്രാഹിമിനോടാണ് ആ വിദ്യാര്‍ത്ഥിനിയെ ഉപമിച്ചത്.
രാഷ്ട്രീയ അനുഗ്രഹാശിസ്സുകളോടെയുള്ള ഇത്തരം ഗുണ്ടായിസം പ്രതിരോധിക്കാന്‍ തയ്യാറായിലെങ്കില്‍ രാജ്യം ഭാവിയില്‍ നേരിടാന്‍ പോകുന്ന വിപത്തിന്റെ കൃത്യമായ സൂചനയാണ് രാംജാസ് കോളേജില്‍ നടന്ന അക്രമം കാട്ടി തരുന്നതെന്നും റിയാസ് പറഞ്ഞു.
2014ല്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതുമുതല്‍ രാജ്യത്തെ ക്യാമ്പസുകളില്‍ നില നില്‍ക്കുന്ന ജനാധിപത്യ സംവാദ വ്യവസ്ഥകളോട് നിഷേധാത്മകമായ നിലപാടാണ് സ്വീകരിച്ചു വരുന്നത്.
രോഹിത് വെമുലയുടെ ദാരുണമായ ആത്മഹത്യ, ജെഎന്‍യു വിനു മേല്‍ അഴിച്ചുവിട്ട ഭരണകൂട അക്രമങ്ങള്‍, നജീബിന്റെ തിരോധാനം, കൂടാതെ പൂനെ, അലഹബാദ്, റാഞ്ചി, ലക്‌നൌ, ജോധ്പൂര്‍ തുടങ്ങി അനവധി സ്ഥലങ്ങളില്‍ ജനാധിപത്യ സംവാദ സ്വതന്ത്രത്തിനു നേരേ എബിവിപി നേതൃത്വത്തില്‍ നടന്ന അക്രമങ്ങള്‍ ഇതിന്റെ അപകടകരമായ സൂചനകളാണ്.
കേന്ദ്രം ഭരിക്കുന്ന സര്‍ക്കാരിനെ അനുഗ്രഹത്തോടു കൂടി ഒരു രാഷ്ട്രീയ മോറല്‍ പൊലീസ് സംവിധാനമായി എബിവിപി പ്രവര്‍ത്തിക്കുകയും നിയമം കൈയിലെടുക്കുകയും ചെയ്യുകയാണെന്നും മുഹമ്മദ് റിയാസ് കുറ്റപ്പെടുത്തി.