എസ്.ബി.ഐ സര്‍വീസ് ചാര്‍ജ് പിന്‍വലിക്കാതെ സമരം പിന്‍വലിക്കില്ലന്ന് ഡിവൈഎഫ്‌ഐ

ന്യൂഡല്‍ഹി: എസ്.ബി.ഐ സര്‍വീസ് ചാര്‍ജ് പിന്‍വലിച്ചതായ ഉത്തരവ് കാണിക്കാതെ സമരം പിന്‍വലിക്കുന്ന പ്രശ്‌നമില്ലന്ന് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ്.

എടിഎം ചാര്‍ജുകളും മുഷിഞ്ഞ നോട്ട് മാറുന്നതിനുള്ള ചാര്‍ജുകളും വര്‍ദ്ധിപ്പിച്ച എസ്.ബി.ഐയുടെ നടപടി തികച്ചും ജനദ്രോഹവും അപലപനീയവുമാണ്. പൊതുമേഖലയില്‍ നിലകൊള്ളുന്ന ബാങ്ക് സാമൂഹ്യ ഉത്തരവാദിത്തങ്ങള്‍ മറന്നിരിക്കുകയാണ്. എടിഎം ഉപയോഗത്തിന് ചാര്‍ജ് എന്ന പുതിയ തീരുമാനവും മിനിമം ബാലന്‍സുകള്‍ നിലനിര്‍ത്തണമെന്ന നിര്‍ദേശവും ഇന്ത്യയിലെ ദശലക്ഷക്കണക്കിന് ജനങ്ങളെ പ്രതികൂലമായി ബാധിക്കും.

ദരിദ്രജനവിഭാഗങ്ങളാണ് കൂടുതലും എസ്.ബി.ഐയുമായി ഇടപെടുന്നത്. നവംബറില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി പ്രഖ്യാപിച്ച നോട്ടു പിന്‍വലിക്കല്‍ തീരുമാനത്തിന് ശേഷം രാജ്യത്ത് സമ്പദ് വ്യവസ്ഥയും, കാര്‍ഷിക രംഗവും, വ്യവസായ രംഗത്തിലും വന്‍ ഇടിവാണുണ്ടായത്. ഇവയ്‌ക്കൊപ്പം ഉയര്‍ന്ന പിഴകള്‍ നടപ്പാക്കാനുള്ള സ്റ്റേറ്റ് ബാങ്കിന്റെ നിര്‍ദ്ദേശം അധ്വാനിക്കുന്ന വിഭാഗങ്ങള്‍ക്ക് വലിയ ആഘാതം ആയിരിക്കും.

ഇതിനെതിരെ ശക്തമായ യുവജന പ്രക്ഷോഭം രാജ്യവ്യാപകമായി സംഘടിപ്പിക്കുമെന്നും വെള്ളിയാഴ്ച എസ്.ബി.ഐയുടെ പ്രധാന ശാഖയിലേക്ക് മാര്‍ച്ച് നടത്തുമെന്നും ഡിവൈഎഫ്‌ഐ നേതാവ് മുന്നറിയിപ്പ് നല്‍കി.

Top