പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കടുത്ത നിയമ പോരാട്ടത്തിലേക്കാണ് ഇപ്പോള്‍ കടന്നിരിക്കുന്നത്. വിവിധ സംഘടനകള്‍ക്കു പുറമെ കേരള സര്‍ക്കാറും സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുകയാണ്. കേന്ദ്ര അവഗണനക്കെതിരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ നടത്തിയ പ്രക്ഷോഭത്തിന് ശേഷമാണ് മോദി സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെയും ഇടതുപക്ഷം ഭരിക്കുന്ന കേരള സര്‍ക്കാര്‍ പുതിയ പോര്‍മുഖം തുറന്നിരിക്കുന്നത്.ഈ വിഷയത്തില്‍ സുപ്രീം കോടതിയെ സമീപിച്ച ഏക സംസ്ഥാനവും കേരളം.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ വിവിധ മുസ്ലിം സംഘടകനകള്‍ക്കു പുറമെ ഡി.വൈ.എഫ്.ഐയും സി.പി.ഐയും മുസ്ലീംലീഗും രമേശ് ചെന്നിത്തലയും സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. ഇതില്‍ ചെന്നിത്തലയുടേത് കോണ്‍ഗ്രസ്സിന്റെ ഹര്‍ജിയാണെന്ന് പോലും ഇതുവരെ ദേശീയ നേതൃത്വം മറുപടി നല്‍കിയിട്ടില്ല. ഹര്‍ജിയില്‍ പോലും ആളുകളെ പറ്റിക്കുന്ന ഏര്‍പ്പാടാണ് കോണ്‍ഗ്രസ്സ് നേതൃത്വം നടത്തിയിരിക്കുന്നത്.
ഡി.വൈ.എഫ്.ഐ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പൗരത്വ ഭേദഗതി നിയമം മുസ്ലിം മതവിഭാഗത്തിന് എതിരെയുള്ളതാണെന്നാണ് ആരോപിച്ചിരിക്കുന്നത്. പൗരത്വ ഭേദഗതി നിയമം മതസ്വാതന്ത്ര്യത്തിന് എതിരെയുള്ളതാണെന്നും ഭാവിയില്‍ മറ്റ് രാജ്യങ്ങളില്‍ നിന്ന് വരുന്ന മുസ്ലിങ്ങള്‍ക്ക് ഇന്ത്യയില്‍ പൗരത്വം ലഭിക്കാന്‍ മതം മാറേണ്ടി വരുമെന്നും സുപ്രീം കോടതിയില്‍ എഴുതി നല്‍കിയ വാദത്തില്‍ ഡിവൈഎഫ്ഐ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വിഷയത്തില്‍ ഡിവൈഎഫ്ഐക്ക് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ അഡ്വ പിവി സുരേന്ദ്രനാഥാണ് സുപ്രീം കോടതിയില്‍ സബ്മിഷന്‍ എഴുതി നല്‍കിയത്. ഭരണഘടനയിലെ 14ാം അനുച്ഛേദത്തിന്റെ നഗ്നമായ ലംഘനമാണ് ഇതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടം വിഞ്ജാപനം ചെയ്തത് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കുന്നത്. ആകെ 236 ഹര്‍ജികളാണ് സുപ്രീം കോടതിയുടെ പരിഗണയിലുള്ളത്. നിയമം നടപ്പാക്കുമെന്ന വാശിയില്‍ കേന്ദ്രസര്‍ക്കാര്‍ ഉറച്ചു നില്‍ക്കുന്നതിനാല്‍ നിയമയുദ്ധം നീളാന്‍ തന്നെയാണ് സാധ്യത. പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് നേരത്തെ കേന്ദ്രസര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടും തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ചട്ടം വിഞ്ജാപനം ചെയ്തതാണ് ഹര്‍ജിക്കാരെ പ്രകോപിപ്പിച്ചിരിക്കുന്നത്.
അഫ്ഗാനിസ്ഥാന്‍,പാക്കിസ്ഥാന്‍,ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്ന് പലായനം ചെയ്ത് ഇന്ത്യയിലെത്തിയ മതന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം നല്‍കുന്നതുമായി ബന്ധപ്പെട്ടതാണ് പൗരത്വ ഭേദഗതി നിയമം.
മുസ്ലീം സമുദായത്തിന്റെ അഭിമാനത്തിന്റെയും അന്തസ്സിന്റെയും പ്രശ്നമായി മാത്രമല്ല നിലനില്‍പ്പിന്റെ തന്നെ വിഷയമായാണ് പൗരത്വ ഭേദഗതി നിയമം ഈ ലോകസഭ തിരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയിലൂടെ സമുദായത്തെ ഒപ്പം നിര്‍ത്താന്‍ ലീഗും രമേശ് ചെന്നിത്തലയും ശ്രമിക്കുമ്പോള്‍ ഈ വിഷയത്തിലെ കോണ്‍ഗ്രസ്സിന്റെ ഇരട്ടമുഖം തുറന്നു കാട്ടിയാണ് സി.പി.എമ്മും മറ്റ് ഇടതുപക്ഷ സംഘടനകളും യു.ഡി.എഫിനെ കടന്നാക്രമിച്ച് കൊണ്ടിരിക്കുന്നത്.
ഇതോടെ കേരളത്തിലെ പ്രധാന തിരഞ്ഞെടുപ്പ് വിഷയമായി പൗരത്വ ഭേദഗതി നിയമം മാറിയിരിക്കുകയാണ്. വിവാദ നിയമത്തിനെതിരെ ഇടതുപക്ഷവും കേരള സര്‍ക്കാറും സ്വീകരിച്ച നടപടികളും പ്രക്ഷോഭങ്ങളും എണ്ണി എണ്ണി പറഞ്ഞ് ഇടതുപക്ഷം കളം നിറയുമ്പോള്‍ മലബാറിലെ മണ്ഡലങ്ങളാണ് തിളച്ചു മറയുന്നത്. എന്തിനേറെ ലീഗിന്റെ കോട്ടകളായ മലപ്പുറത്തും പൊന്നാനിയിലും പോലും പൗരത്വ ഭേദഗതി നിയമമാണ് പ്രധാന ചര്‍ച്ചാ വിഷയം.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ എന്താണ് രാഹുല്‍ ഗാന്ധിയുടെ നിലപാടെന്ന ചോദ്യം അദ്ദേഹം മത്സരിക്കുന്ന വയനാട് മണ്ഡലത്തിലും ശക്തമാണ്.പാര്‍ലമെന്റിന് അകത്തും പുറത്തും ഇടതുപക്ഷം നടത്തിയ പ്രക്ഷോഭങ്ങള്‍ വ്യാപകമായാണ് തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ ഉപയോഗിക്കപ്പെടുന്നത്. ഇടതുപക്ഷത്തെ സംബന്ധിച്ച് കഴിഞ്ഞ തവണ നേടിയ ഒരു സീറ്റില്‍ നിന്നും എത്ര സീറ്റുകള്‍ അധികം ലഭിച്ചാലും അത് വലിയ നേട്ടം തന്നെയാണ്. പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ പത്ത് മുതല്‍ 15 വരെ സീറ്റുകളാണ് ഇടതുപക്ഷം പ്രതീക്ഷിക്കുന്നത്. യു.ഡി.എഫ് ആകട്ടെ മുഴുവന്‍ സീറ്റിലും വിജയിക്കുമെന്നാണ് അവകാശപ്പെടുന്നത്. ബി.ജെ.പി രണ്ട് സീറ്റുകളിലാണ് വിജയ പ്രതീക്ഷ പുലര്‍ത്തുന്നത്.
20 മണ്ഡലങ്ങളിലും ത്രികോണ മത്സരമാണ് നടക്കുന്നതെങ്കിലും ത്രികോണ മത്സരത്തിന്റെ ചൂട് ഏറ്റവും കൂടുതല്‍ ഉള്ളത് തൃശൂര്‍,തിരുവനന്തപുരം,ആലപ്പുഴ, ആറ്റിങ്ങല്‍,പത്തനംതിട്ട, പാലക്കാട്,കാസര്‍ഗോഡ് മണ്ഡലങ്ങളിലാണ്. ബി.ജെ.പിക്ക് ഈ മണ്ഡലങ്ങളില്‍ ശക്തമായ സ്വാധീനമുള്ളതാണ്. കടുത്ത ത്രികോണ പോരിന് കളമൊരുക്കിയിരിക്കുന്നത്. തൃശൂരിലും തിരുവനന്തപുരത്തും വിജയിക്കുമെന്നു തന്നെയാണ് ബി.ജെ.പി നേതൃത്വത്തിന്റെ വിശ്വാസം. കോണ്‍ഗ്രസ്സ് വോട്ടുകളില്‍ ഒരു വിഭാഗം ഈ രണ്ട് മണ്ഡലങ്ങളിലും ഇത്തവണ തങ്ങള്‍ക്ക് അനുകൂലമാകുമെന്നാണ് ബി.ജെ.പി നേതൃത്വം കണക്കു കൂട്ടുന്നത്. കോണ്‍ഗ്രസ്സ് നേതാക്കളുടെ ബി.ജെ.പി പ്രവേശനമാണ് ഈ ആത്മവിശ്വാസത്തിന് അടിസ്ഥാനം.
എന്നാല്‍ ഇത്തവണയും താമര വിരിയിപ്പിക്കില്ലന്ന വാശിയിലാണ് ഇടതുപക്ഷമുള്ളത്. അവരുടെ പ്രവര്‍ത്തനങ്ങളിലും ആ വാശി പ്രകടമാണ്. ഈ തിരഞ്ഞെടുപ്പില്‍ യഥാര്‍ത്ഥത്തില്‍ നഷ്ടപ്പെടാന്‍ ഉള്ളത് യു.ഡി. എഫിനു മാത്രമാണ്. കാരണം 20-ല്‍ 19 സീറ്റുകളും നിലവില്‍ അവരുടെ കൈവശമാണുള്ളത്. ഇതില്‍ എത്ര എണ്ണം നഷ്ടപ്പെട്ടാലും അത് യു.ഡി.എഫിന് വന്‍ പ്രഹരമായാണ് മാറുക. അതാകട്ടെ ഒരു യാഥാര്‍ത്ഥ്യവുമാണ്.
EXPRESS KERALA VIEW