സനല്‍ കൊലക്കേസിലെ പ്രതിയ്‌ക്കെതിരെ ആഭ്യന്തരവകുപ്പും നടപടിയെടുത്തിരുന്നില്ലെന്ന്. . .

sanal murder

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ യുവാവിന്റെ കൊലപാതകത്തില്‍ പ്രതിയായ ഡിവൈഎസ്പി ബി.ഹരികുമാറിനെതിരെ നടപടിയെടുക്കണമെന്ന ഹൈക്കോടതി നിര്‍ദേശവും ആഭ്യന്തരവകുപ്പ് അവഗണിച്ചിരുന്നെന്ന് റിപ്പോര്‍ട്ട്.

സെപ്തംബറില്‍ ഹൈക്കോടതി നല്‍കിയ നിര്‍ദേശമാണ് ആഭ്യന്തര വകുപ്പ് അവഗണിച്ചത്. ഹരികുമാറിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച് വിഎസ്ഡിപി ചെയര്‍മാന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് അന്വേഷണം നടത്തിയ ഐ.ജി മനോജ് ഏബ്രഹാമാണ് ഡി.വൈ.എസ്.പി സ്ഥാനത്ത് നിന്ന് ഹരികുമാറിനെ മാറ്റണമെന്ന് ശുപാര്‍ശ ചെയ്തിരുന്നത്.

ഹരികുമാറിന്റെ അവിഹിത ബന്ധങ്ങള്‍, കൈക്കൂലി വാങ്ങിയ സംഭവങ്ങള്‍ എന്നിവ ചൂണ്ടിക്കാട്ടിയായിരുന്നു മനോജ് എബ്രഹാം റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ നടപടിയില്ലാതെ വന്നതോടെ വിഎസ്ഡിപി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇക്കാര്യത്തില്‍ പരാതിക്കാരനെക്കൂടി കേട്ട് തുടര്‍നടപടി എടുക്കണമെന്നായിരുന്നു ഹൈക്കോടതി നിര്‍ദേശം.

ഡിവൈഎസ്പിക്കെതിരെ നടപടിയെടുക്കാന്‍ കഴിയാതെ വന്നതോടെ ഡിജിപി ലോക്‌നാഥ് ബെഹ്‌റ റിപ്പോര്‍ട്ട് ആഭ്യന്തര വകുപ്പിന് കൈമാറിയിരുന്നു. എന്നാല്‍ ഇവിടെയും നടപടിയൊന്നും ഉണ്ടായില്ല. ഹരികുമാറിനെതിരായ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളും ആഭ്യന്തരവകുപ്പ് തള്ളിയിരുന്നു.

Top