കൊച്ചി: കേരളത്തിലേക്ക് ഒരു കോടിയിലേറെ രൂപയുടെ കള്ള നോട്ട് കടത്തിയ കേസില്‍ അധോലോക രാജാവ് ദാവൂദ് ഇബ്രാഹിമിന്റെ പങ്ക് കണ്ടെത്തിയ അന്വേഷണമികവിന് മലയാളിയായ എന്‍.ഐ.എ ഡി.വൈ.എസ്.പി പി. വിക്രമന് രാഷ്ട്രപതിയുടെ സുസ്ത്യര്‍ഹ സേവനത്തിനുള്ള മെഡല്‍.
2008 ആഗസ്റ്റ് 16ന് കരിപ്പൂര്‍ വിമാനത്താവളംവഴി എത്തിച്ച 72.05 ലക്ഷം രൂപയുടെ കള്ളനോട്ട് പിടിച്ച കേസിലും നെടുമ്പാശേരി വിമാനത്താവളം വഴി എത്തിച്ച 24.16 ലക്ഷം കള്ളനോട്ടുകള്‍ പിടിച്ച കേസിലും വിക്രമന്റെ നേതൃത്വത്തില്‍ എന്‍.ഐ.എ നടത്തിയ അന്വേഷണത്തിലാണ് ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനി അംഗവും മുംബൈ സ്‌ഫോടനക്കേസിലെ പ്രതിയുമായ താഹിര്‍ മര്‍ച്ചന്റ് എന്ന താഹിര്‍ തക്ലിയ ദാദയുടെ പങ്ക് പുറത്തുകൊണ്ടുവന്നത്.
ദുബായ് വഴി ഇന്ത്യയിലെത്തിച്ച ഇയാളെ കള്ളനോട്ടു കേസില്‍ അറസ്റ്റു ചെയ്തിരുന്നു. പാക്കിസ്ഥാനില്‍ നിന്നും അച്ചടിച്ച് ദുബായ് വഴിയാണ് കള്ളനോട്ട് കേരളത്തിലേക്കെത്തിച്ചത്. കരിപ്പൂര്‍, നെടുമ്പാശേരി വിമാനത്താവളം വഴി കടത്തിയ ഒരു കോടിയിലേറെ രൂപയുടെ കള്ളനോട്ടാണ് പിടിച്ചെടുത്തിരുന്നത്.
പാക് ചാരസംഘടനയായ ഐ.എസ്.ഐ പരിശീലനം ലഭിച്ച താഹിര്‍ തക്ലിയ ദാദ ഐ.എസ്.ഐ ഏജന്റായും പ്രവര്‍ത്തിച്ചിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
പാക്കിസ്ഥാനിലെ അഫ്ഘാന്‍ അതിര്‍ത്തിയിലെ ജയിലില്‍വെച്ചാണ് ഐ.എസ്.ഐയുടെ നേതൃത്വത്തില്‍ കള്ളനോട്ടുകള്‍ അടിച്ച് ഇന്ത്യയുടെ സമ്പദ്ഘടന തകര്‍ക്കാന്‍ ഗള്‍ഫ് രാജ്യങ്ങളിലൂടെ ഇന്ത്യയിലേക്കെത്തിച്ചതെന്നാണ് എന്‍.ഐ.എ കണ്ടെത്തിയത്. ഈ കേസില്‍ ചാവക്കാട്ടുകാരനായ മുഹമ്മദ് റാഫിയെയും അറസ്റ്റു ചെയ്തിരുന്നു.
നേരത്തെ കൊഫോപോസ കേസില്‍ പിടിയിലായ റാഫിക്ക് കള്ളനോട്ടു സംഘവുമായി ബന്ധമുണ്ടെന്നു കണ്ടെത്തിയതും വിക്രമന്റെ നേതൃത്വത്തിലുള്ള എന്‍.ഐ.എ സംഘമാണ്. എന്‍.ഐ.എയിലെ മികച്ച കുറ്റാന്വേഷകനായി 2013ല്‍ വിക്രമനെ തിരഞ്ഞെടുത്തിരുന്നു. എന്‍.ഐ.എ ഡയറക്ടര്‍ ജനറലില്‍ നിന്നും അന്വേഷണമികവിന് പുരസ്‌ക്കാരവും ലഭിച്ചിരുന്നു.
ഇറ്റാലിയന്‍ നാവികര്‍ ഉള്‍പ്പെട്ട കടല്‍ക്കൊലക്കേസ് അന്വേഷിച്ച സംഘത്തിലും വിക്രമനുണ്ടായിരുന്നു. കാശ്മീരില്‍ നാലു മലയാളി യുവാക്കള്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട എടക്കാട് കാശ്മീര്‍ റിക്രൂട്ട്‌മെന്റ് കേസില്‍ ലഷ്‌ക്കര്‍ ഇ തൊയ്ബ ബന്ധം കണ്ടെത്തിയത് വിക്രമന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ്.
(ഡിവൈഎസ്പി വിക്രമനും കുടുംബവും)
1995ല്‍ എസ്.ഐയായി പോലീസ് സര്‍വീസില്‍ കയറിയ വിക്രമന്‍ നിരവധി പ്രമാദമായ കേസുകള്‍ തെളിയിച്ച് നൂറിലേറെ ഗുഡ് സര്‍വീസ് എന്‍ട്രി നേടിയ ഉദ്യോഗസ്ഥനാണ്. ഡി.വൈ.എസ്.പിയായിരിക്കെ കുറ്റാന്വേഷണമികവ് കണക്കിലെടുത്താണ് 2012ല്‍ വിക്രമനെ എന്‍.ഐ.എയിലേക്ക് ഡി.വൈ.എസ്.പിയായി ഡെപ്യൂട്ടേഷനില്‍ തിരഞ്ഞെടുത്തത്.
സിനിമാ മോഡലില്‍ ചേലേമ്പ്ര സൗത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്കില്‍ നിന്നും 80 കിലോ സ്വര്‍ണവും 15 ലക്ഷം രൂപയും കൊള്ളയടിച്ച പ്രതികളെ പിടികൂടിയത് അന്ന് മലപ്പുറം എസ്പിയായിരുന്ന പി വിജയന്റെയും ഡിവൈഎസ്പി മാരായ വിക്രമന്റെയും മോഹന ചന്ദ്രന്‍ നായരുടെയും നേതൃത്വത്തിലുള്ള സംഘമായിരുന്നു.
കാസര്‍ഗോഡ് പേര്യ, പൊന്ന്യം തിരൂര്‍ ബാങ്ക് കവര്‍ച്ചാ കേസുകളിലെ പ്രതികളെ പിടികൂടിയ അന്വേഷണസംഘത്തിലും ഈ മിടുക്കനായ ഉദ്യോഗസ്ഥന്‍ ഉണ്ടായിരുന്നു. ഏറെ കോളിളക്കം സൃഷ്ടിച്ച കൃഷ്ണപ്രിയ വധക്കേസ്, മഞ്ചേരി മേലാക്കം ഫാത്തിമ വധക്കേസ് എന്നിവയില്‍ കുറ്റമറ്റ അന്വേഷണത്തിലൂടെയാണ് വിക്രമന്റെ നേതൃത്വത്തില്‍ പ്രതികളെ പിടികൂടിയത്.
നിലവില്‍ എന്‍.ഐ.എയുടെ കേരളത്തിലെ ആസ്ഥാനമായ എറണാകുളത്തെ ഓഫീസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വിക്രമന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് സംസ്ഥാനത്തെ തീവ്രവാദക്കേസുകളുടെ അന്വേഷണ ചുമതല.
മലപ്പുറം ജില്ലയിലെ ചാലിയാര്‍ പഞ്ചായത്തിലെ മൊടവണ്ണയിലെ പരേതനായ വെട്ടിക്കോട്ട് ശങ്കരന്‍നായരുടെയും പ്രഭാവതിയുടെയും മകനാണ്. ഇപ്പോള്‍ വണ്ടൂരിനടുത്ത് നടുവത്താണ് താമസം മമ്പാട്ട് മൂല പാറല്‍ ഹൈസ്‌ക്കൂള്‍ അധ്യാപിക വിധുവാണ് ഭാര്യ. മക്കള്‍: വിദ്യാര്‍ത്ഥികളായ ലക്ഷ്മി, പാര്‍വ്വതി