അതിഥി തൊഴിലാളികളുടെ ക്ഷേമം അന്വേഷിക്കാന്‍ ഡിവൈ.എസ്.പിമാരെ നിയോഗിക്കും

കൊച്ചി: അതിഥി തൊഴിലാളികളുടെ ക്ഷേമം അന്വേഷിക്കാന്‍ ഡിവൈ.എസ്.പിമാരെ നിയോഗിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ.

ഡിവൈ.എസ്.പി തലത്തിലെ ഉദ്യോഗസ്ഥര്‍ തൊഴിലാളികളുടെ ക്യാമ്പുകള്‍ സന്ദര്‍ശിച്ച് അവരുടെ സുഖവിവരങ്ങള്‍ അന്വേഷിക്കുകയും അവരുടെ ക്ഷേമത്തിനായി സര്‍ക്കാരും ജനമൈത്രി പൊലീസും സ്വീകരിച്ച നടപടികള്‍ വിശദീകരിച്ച് നല്‍കുകയും ചെയ്യും. അതിഥിതൊഴിലാളികളെ ശാന്തരാക്കാന്‍ ഉദ്ദേശിച്ചാണിതെന്നും അദ്ദേഹം പറഞ്ഞു. മടങ്ങാന്‍ താല്‍പര്യമുളളവര്‍ക്ക് നാട്ടിലേക്ക് ട്രെയിന്‍ സര്‍വ്വീസ് ആരംഭിക്കുന്ന മുറയ്ക്ക് തിരിച്ചുപോകാമെന്ന് അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, കഴിഞ്ഞ ദിവസം കോഴിക്കോട് നിന്ന് ഒറീസയിലേയ്ക്ക് 17 സൈക്കിളുകളിലായി പോകാന്‍ ശ്രമിച്ച ഒരു സംഘം അതിഥിതൊഴിലാളികളെ പൊലീസ് ഇടപെട്ട് തടയുകയും ക്യാമ്പുകളിലേയ്ക്ക് തിരിച്ച് അയയ്ക്കുകയും ചെയ്യുകയുണ്ടായി. ട്രെയിന്‍ സര്‍വ്വീസ് ആരംഭിക്കുന്ന മുറയ്ക്ക് അവര്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ അവസരമൊരുക്കും. പൊലീസിന്റെ ഇടപെടലിലൂടെ വലിയ ഒരു ക്രമസമാധാന പ്രശ്‌നമാണ് ഒഴിവാക്കാന്‍ കഴിഞ്ഞത്.

പൊതുജനം മാസ്‌ക് ധരിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ പൊലീസ് രൂപം നല്‍കിയ ടാസ്‌ക് ഫോഴ്‌സിന്റെ ചുമതല ദക്ഷിണമേഖല ഐ.ജി ഹര്‍ഷിത അത്തല്ലൂരിക്ക് നല്‍കി. മാസ്‌ക് ധരിക്കാത്തവര്‍ക്ക് അവ സൗജന്യമായി വിതരണം ചെയ്യും. വിവിധ മാര്‍ഗ്ഗങ്ങളിലൂടെ മാസ്‌കുകള്‍ ശേഖരിക്കുന്നതിന് ജില്ലാ പൊലീസ് മേധാവിമാരെ ചുമതലപ്പെടുത്തി. മാസ്‌ക് ധരിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനായി പൊലീസ് ആരംഭിച്ച ബാസ്‌ക് ഇന്‍ മാസ്‌ക് എന്ന ക്യാമ്പയിന്‍ കൂടുതല്‍ പുതുമകളോടെ തുടരുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. പൊലീസ് ആരംഭിച്ച ഈ ക്യാമ്പയിന് വിവിധ കോണുകളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

സംസ്ഥാനത്ത് ഇന്ന് മാസ്‌ക് ധരിക്കാത്ത 2036 സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ക്വാറന്റൈന്‍ ലംഘിച്ചതിന് 14 കേസുകളും രജിസ്റ്റര്‍ ചെയ്തു.

Top