ന്യൂഡല്‍ഹി: മുന്‍ കേന്ദ്ര സഹഹമന്ത്രിയും എം പിയുമായ ഇ.അഹമ്മദിന് യഥാസമയം വിദഗ്ധചികില്‍സ ലഭിച്ചില്ലെന്ന് ആരോപണം. നില ഗുരുതരമായിട്ടും അദ്ദേഹത്തെ പരിചരിക്കാന്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. മൂന്നുമണിക്കൂറോളം കാത്തുനിന്നിട്ടും മക്കളേയും മരുമകനേയും അഹമ്മദിനെ കാണാന്‍ അനുവദിച്ചില്ലെന്നും ചൂണ്ടിക്കാട്ടി ആശുപത്രി അധികൃതര്‍ക്കെതിരെ കുടുംബം പൊലീസില്‍ പരാതിനല്‍കി.
ഇന്നലെ പാര്‍ലമെന്റില്‍ കുഴഞ്ഞുവീണ ഇ.അഹമ്മദിന് റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലെ ട്രോമകെയര്‍ ഐസിയുവിലാണ് ചികില്‍സ നല്‍കിയത്. രാത്രി വിദേശത്തുനിന്ന് മക്കളും മരുമകനും എത്തിയെങ്കിലും അഹമ്മദിനെ കാണാന്‍ അനുവദിച്ചില്ല.
അഹമ്മദിന്റെ സ്ഥിതി വഷളായശേഷവും മുതിര്‍ന്ന ഡോക്ടര്‍മാര്‍ തീവ്രപരിചരണവിഭാഗത്തില്‍ എത്തുകയോ അവിടെ ഉണ്ടായിരുന്നവര്‍ ചികില്‍സയുടെ കാര്യം ബന്ധുക്കളോട് ആലോചിക്കുകയോ ചെയ്തില്ല. എക്‌മോ ചികില്‍സ നടത്താനും വെന്റിലേറ്ററില്‍ നിന്ന് മാറ്റാനും തീരുമാനിച്ചത് ബന്ധുകള്‍ അറിയാതെയാണ്.
മനുഷ്യത്വരഹിതമായാണ് ആശുപത്രി അധികൃതര്‍ പെരുമാറിയതെന്നും ബന്ധുക്കള്‍ പറഞ്ഞു. അര്‍ധരാത്രി സോണിയഗാന്ധിയും രാഹുല്‍ ഗാന്ധിയും ആശുപത്രിയിലെത്തിയെങ്കിലും അവരേയും കടത്തിവിട്ടില്ല. ഇതും വന്‍ പ്രതിഷേധത്തിനിടയാക്കി.