ഇ ബുള്‍ ജെറ്റിന്റെ വാഹനം വിട്ടുനല്‍കില്ല; സ്‌റ്റേഷനില്‍ സൂക്ഷിക്കണമെന്ന് കോടതി ഉത്തരവ്

കൊച്ചി: ഇ ബുള്‍ ജെറ്റ് വ്‌ളോഗര്‍മാരുടെ വാഹനം വിട്ടുനല്‍കില്ലെന്ന് കോടതി. നിലവില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ കസ്റ്റഡിയിലുള്ള വാഹനം നിയമാനുസൃതമായി സ്‌റ്റേഷനില്‍ സൂക്ഷിക്കണം.

വാഹനത്തിന്മേലുളള എല്ലാ അനധികൃത ഫിറ്റിങുകളും നീക്കം ചെയ്യണമെന്നും ഉത്തരവില്‍ പറഞ്ഞു. വാഹനം വിട്ടു നല്‍കണമെന്നാവശ്യപ്പെട്ട് സഹോദരന്മാരിലൊരാളായ എബിന്‍ വര്‍ഗീസ് സമര്‍പ്പിച്ച ഹര്‍ജിയില്‍ തലശ്ശേരി അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയുടേതാണ് ഉത്തരവ്.

അതേസമയം, ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് ഇ ബുള്‍ ജെറ്റ് സഹോദരങ്ങളുടെ അഭിഭാഷകന്‍ പറഞ്ഞു. നേരത്തെ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കിയിരുന്നു. വാഹനം മോടിപിടിപ്പിച്ചതില്‍ വിശദീകരണം നല്‍കാന്‍ ഇ ബുള്‍ ജെറ്റ് സഹോദരങ്ങളായ എബിനും ലിബിനും മോട്ടോര്‍ വാഹന വകുപ്പ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഇവര്‍ നല്‍കിയ വിശദീകരണം തൃപ്തികരമല്ലാത്തതിനാല്‍ മോട്ടോര്‍വാഹന വകുപ്പ് രജിസ്‌ട്രേഷന്‍ റദ്ദാക്കുകയായിരുന്നു.

രജിസ്‌ട്രേഷന്‍ റദ്ദാക്കിയതുമായി ബന്ധപ്പെട്ട് ഇ ബുള്‍ ജെറ്റ് സഹോദരന്‍മാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമീപിച്ചിരുന്നു. എന്നാല്‍ ഇവരുടെ ഹര്‍ജി ഹോക്കോടതി തള്ളി. വാഹനം വിട്ടുനല്‍കില്ലെന്ന് അന്ന് കോടതി വ്യക്തമാക്കിയിരുന്നു. നിയമാനുസൃതമായ നടപടി സ്വീകരിക്കാന്‍ മോട്ടോര്‍വാഹന വകുപ്പിന് അധികാരമുണ്ടെന്ന് വ്യക്തമാക്കിയ കോടതി വാഹനം വിട്ടുകിട്ടണമെന്ന വ്‌ളോഗര്‍മാരുടെ ആവശ്യം തള്ളുകയായിരുന്നു.

Top