പ്രളയക്കെടുതി; സംസ്ഥാനത്ത് 2995 വീടുകള്‍ സര്‍ക്കാര്‍ നിര്‍മ്മിച്ച് നല്‍കിയെന്ന് റവന്യു മന്ത്രി

chandrasekharan

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രളയക്കെടുതിയില്‍ തകര്‍ന്ന 2995 വീടുകള്‍ സര്‍ക്കാര്‍ പുനര്‍നിര്‍മിച്ചു നല്‍കിയെന്ന് റവന്യുമന്ത്രി. പ്രളയത്തില്‍ പൂര്‍ണമായും തകര്‍ന്നത് 15,394 വീടുകളാണെന്നും, 1990 വീടുകള്‍ സഹകരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നിര്‍മ്മിച്ചു നല്കിയിട്ടുണ്ടെന്നും. 9934 വീടുകള്‍ സ്വയം നിര്‍മ്മിച്ചു കൊള്ളാം എന്ന് ഉടമസ്ഥര്‍ അറിയിച്ചുവെന്നും ഇ ചന്ദ്രശേഖരന്‍ നിയമസഭയില്‍ പറഞ്ഞു.

9737 വീടുകള്‍ക്ക് പുനര്‍നിര്‍മ്മാണത്തിനുള്ള സര്‍ക്കാര്‍ ധനസഹായത്തിന്റെ ആദ്യഗഡു നല്‍കിയിട്ടുണ്ട്. 2757 വീടുകള്‍ക്ക് രണ്ടാം ഗഡുവും 4544 വീടുകള്‍ക്ക് മൂന്നാം ഗഡുവും നല്‍കിയതായും മന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം ഉണ്ടായ പ്രളയത്തില്‍ വീട് പൂര്‍ണമായും തകര്‍ന്നവര്‍ക്ക് നാല് ലക്ഷം രൂപ നല്‍കുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്. പ്രളയത്തില്‍ വീടിനുണ്ടായ നാശനഷ്ടം 15 ശതമാനം വരെയാണെങ്കില്‍ 10,000 രൂപ നഷ്ടപരിഹാരമായി നല്‍കാനായിരുന്നു സര്‍ക്കാരിന്റെ തീരുമാനം. വീടുകള്‍ക്ക് 16-29 ശതമാനം വരെ നഷ്ടം സംഭവിച്ചവര്‍ക്ക് 60,000 രൂപ നല്‍കാനും 30-50 ശതമാനം വരെയുള്ള നഷ്ടത്തിന് 1,25,000 രൂപ നല്‍കാനും തീരുമാനിച്ചു. 60-74 ശതമാനം വരെ നഷ്ടം സംഭവിച്ച വീടുകള്‍ക്ക് 2,50,000 രൂപയും 75 ശതമാനത്തിന് മുകളില്‍ നാശം സംഭവിച്ച വീടുകള്‍ക്ക് 4 ലക്ഷം രൂപയും നല്‍കുമെന്നും പ്രഖ്യാപനമുണ്ടായിരുന്നു.

Top