കണ്ണൂര്‍: കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടയില്‍ 50,000ത്തിലേറെ പേര്‍ക്ക് പട്ടയം വിതരണം ചെയ്തതായും അടുത്ത രണ്ടുവര്‍ഷത്തിനകം സംസ്ഥാനത്തെ ഭൂമി കൈവശം വയ്ക്കുന്ന അര്‍ഹരായ മുഴുവന്‍ പേര്‍ക്കും പട്ടയം നല്‍കുമെന്നും റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍. ജില്ലയില്‍ 772 പേര്‍ക്ക് കൂടി പട്ടയം നല്‍കി. കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ ജില്ലാതല പട്ടയവിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭൂരഹിതര്‍ക്ക് ഭൂമി നല്‍കുന്നതിനുള്ള ശ്രമങ്ങള്‍ കേരളപ്പിറവിക്കു ശേഷമുള്ള ആദ്യ സര്‍ക്കാര്‍ തൊട്ടേ തുടങ്ങിയെങ്കിലും സംസ്ഥാനത്ത് രണ്ടു ലക്ഷത്തിലേറെ പേര്‍ക്ക് ഇനിയും പട്ടയം നല്‍കാന്‍ സാധിച്ചിട്ടില്ലെന്നത് ഖേദകരമാണ്. ഭൂമി കൈവശം വയ്ക്കുകയും എന്നാല്‍ നിയമപരമായ രേഖകളില്ലാത്തതിനാല്‍ സര്‍ക്കാരില്‍ നിന്ന് ലഭിക്കേണ്ട വീട് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുകയും ചെയ്യുന്ന സംഭവങ്ങള്‍ നിരവധിയാണെന്നും അദ്ദേഹം അറിയിച്ചു.
കണ്ണൂര്‍ ജില്ലയില്‍ മാത്രം ലാന്റ് ട്രിബ്യൂണലുകളില്‍ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച 19,000 കേസുകള്‍ നിലവിലുണ്ട്. ഇവയുള്‍പ്പെടെ എത്രയും വേഗം പരിഹരിച്ച് ഭൂമികൈവശമുള്ള അര്‍ഹരായ മുഴുവന്‍ പേര്‍ക്കും പട്ടയം ലഭ്യമാക്കുന്നതിനുള്ള ശക്തമായ ഇടപെടലുകളാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി