റിപ്പോര്‍ട്ട് ചെയ്യാന്‍ സൗകര്യങ്ങള്‍ ഒരുക്കാതെ ‘അറസ്റ്റ്’; കര്‍ണാടക സര്‍ക്കാരിനെതിരെ മന്ത്രി

chandrasekharan

തിരുവനന്തപുരം: മംഗലാപുരത്ത് നടന്ന അതിക്രമങ്ങള്‍ക്കിടയില്‍ മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ കര്‍ണ്ണാടക സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് മന്ത്രി ഇ ചന്ദ്രശേഖരന്‍ രംഗത്ത്. മലയാളിയായ മാധ്യമ പ്രവര്‍ത്തകന്‍ അടക്കം പൊലീസ് കസ്റ്റഡിയിലുണ്ട്. എന്നാല്‍ ഇത് തികച്ചും വിരുദ്ധമായ നടപടിയാണെന്നാണ് മന്ത്രി പ്രതികരിച്ചത്.

മാധ്യമപ്രവര്‍ത്തകര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുകയാണ് വേണ്ടിയിരുന്നത്. റിപ്പോര്‍ട്ടിംഗ് തടയുന്നതില്‍ യാതൊരു ന്യായീകരണവും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

‘നമ്മുടെ നാട്ടിലുണ്ടാകുന്ന സംഭവവികാസങ്ങള്‍ ജനങ്ങള്‍ അറിയുന്നതില്‍ എന്തോ അപകടമുണ്ടെന്ന് കരുതുന്നവരാണ് മാധ്യമപ്രവര്‍ത്തകരെ തടയുന്നത്. ഇത് യാതൊരു കാരണവശാലും അംഗീകരിക്കാന്‍ കഴിയുന്നതല്ല. ഇതിന് ന്യായീകരണവും ഇല്ല. കേരളത്തില്‍ നിന്നുള്ളവര്‍ മംഗലാപുരത്ത് പ്രശ്‌നമുണ്ടാക്കേണ്ട കാര്യമില്ല. അങ്ങനെയുണ്ടെങ്കില്‍ വസ്തുതാപരമായി ഇത് തെളിയിക്കേണ്ടതാണ്, കേരളത്തിനെതിരെയും മലയാളികള്‍ക്കെതിരെയും പ്രചാരവേല നടത്തുന്നത് കൂടുതല്‍ അപകടങ്ങള്‍ക്ക് വഴിവെക്കും. എന്താണ് മംഗലാപുരത്ത് നടക്കുന്നതെന്ന് മനസിലാക്കാന്‍ വേണ്ടി ശ്രമിക്കുകയാണ്.’ മലയാളികളെ കുറിച്ച് ഇങ്ങനെ പറയാനുളള സാഹചര്യം എന്താണെന്ന് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

ഇന്നലെ പൊലീസ് വെടിവയ്പ്പ് നടന്ന പശ്ചാത്തലത്തില്‍ മംഗലാപുരത്ത് പൊലീസ് കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

അതിനിടെ കേരളത്തില്‍ നിന്നുള്ളവരാണ് മംഗലാപുരത്ത് പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയതെന്ന ആരോപണവുമായി കര്‍ണ്ണാടകയിലെ ആഭ്യന്തര മന്ത്രി രംഗത്ത് വന്നിരുന്നു. പൊലീസ് സ്റ്റേഷന് തീയിടുമെന്ന് ഘട്ടത്തിലാണ് പൊലീസ് വെടിവെയ്പ്പ് നടത്തിയത് എന്നാണ് കര്‍ണാടക മന്ത്രി പറഞ്ഞിരുന്നത്.

Top