കാസര്‍കോട്: എല്ലാ വശങ്ങളും പരിശോധിച്ചാണ് മരംമുറിക്കാന്‍ ഉത്തരവ് ഇറക്കിയതെന്ന് മുന്‍ റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍. ഉത്തരവിന്റെ ഉത്തരവാദിത്വത്തില്‍ ഉറച്ചു നില്‍ക്കുന്നു. സര്‍ക്കാരിനെ സഹായിക്കാനായിരുന്നു ഉത്തരവ്. രാജകീയ മരങ്ങള്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നുമാണ് ഇ ചന്ദ്രശേഖരന്റെ വാദം. കൃഷിക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന വിധത്തില്‍ ഉദ്യോഗസ്ഥര്‍ ഇടപെടരുതെന്നാണ് റവന്യു സെക്രട്ടറി ഉത്തരവ്.
ഒരു സമ്മര്‍ദ്ദത്തിന്റെയും അടിസ്ഥാനത്തിലല്ല ഉത്തരവിറക്കിയത്. ഉത്തരവിറങ്ങിയ ശേഷം റവന്യൂ ഉദ്യേഗസ്ഥര്‍ തടസമുണ്ടാക്കരുതെന്ന നിര്‍ദ്ദേശമാണ് നല്‍കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മരം മുറി തടഞ്ഞാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് മന്ത്രി നിര്‍ദേശിച്ചിരുന്നു. നിര്‍ദ്ദേശത്തിന് മുമ്പും ശേഷവും ഉദ്യോഗസ്ഥര്‍ നിയമപ്രശ്‌നം ഉന്നയിച്ചു. പക്ഷെ ഉപദേശം തേടാതെ ഉത്തരവ് ഇറക്കുകയായിരുന്നു. ഇതിന് പിന്നാലെ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉത്തരവ് ഇറക്കി.
അതേസമയം മരംമുറിക്ക് അനുമതി നല്‍കുന്ന വിവാദ ഉത്തരവ് റദ്ദാക്കിയിട്ടും വീണ്ടും മരംമുറിക്കാന്‍ വനംവകുപ്പ് പാസ് നല്‍കിയെന്നാണ് കണ്ടെത്തല്‍. സംസ്ഥാന വ്യാപകമായി ഈ രീതിയില്‍ 50 ലേറെ പാസുകള്‍ അനുവദിച്ചെന്നും ആയിരത്തിലേറെ മരങ്ങള്‍ മുറിച്ചെന്നുമാണ് കണ്ടെത്തല്‍.