തിരുവനന്തപുരം: ക്വാറി മാഫിയയെ സഹായിക്കാന്‍ സര്‍ക്കാര്‍ ഭൂപതിവ് ചട്ടത്തില്‍ ഭേദഗതി വരുത്തിയെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണത്തിന് മറുപടിയുമായി റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍ രംഗത്ത്.
1964ലെ നിയമം ഭേദഗതി ചെയ്ത് ക്വാറിക്ക് അനുമതി കൊടുക്കുവാന്‍ തീരുമാനം എടുത്തിട്ടില്ലെന്നും നിയമം ഭേദഗതി ചെയ്യാന്‍ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ എടുത്ത നടപടി തടഞ്ഞത് താനാണെന്നും മന്ത്രി പറഞ്ഞു.
പുതിയ ക്വാറികള്‍ തുടങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒത്താശ ചെയ്യുന്നുവെന്ന് തുറന്നടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയിരുന്നു.
മഹാപ്രളയത്തിനു ശേഷം 119 ക്വാറികള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയെന്നും ഇത് സംബന്ധിച്ച ഫയല്‍ പുറത്തുവിടാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും സമഗ്ര അന്വേഷണം വേണമെന്നുമാണ് ചെന്നിത്തല പറഞ്ഞത്.
സര്‍ക്കാര്‍ നേതൃത്വം നല്‍കുന്നത് കേരളം കണ്ട ഏറ്റവും വലിയ കൊള്ളയ്ക്കാണ്. 1964ലെ ഭൂ പതിവ് ചട്ടത്തില്‍ സര്‍ക്കാര്‍ ഭേദഗതികള്‍ വരുത്തിയത് പുതിയ ക്വാറികള്‍ക്ക് അനുമതി നല്‍കുവാനാണ്. റവന്യൂ മന്ത്രിയെ ഇരുട്ടില്‍ നിര്‍ത്തി കൊണ്ടാണ് 2019 മാര്‍ച്ച് അഞ്ചിന് മന്ത്രിസഭ യോഗത്തില്‍ വ്യവസായ മന്ത്രി ഇക്കാര്യം കൊണ്ടു വന്നത്. ഇതില്‍ റവന്യു മന്ത്രിയും സിപിഐയും നിലപാട് വ്യക്തമാക്കണം, ചെന്നിത്തല വ്യക്തമാക്കിയിരുന്നു.