പട്ടിണി മൂലം കുട്ടികളെ കൈമാറിയ സംഭവത്തില്‍ കലക്ടറോട് റിപ്പോര്‍ട്ട് തേടി റവന്യൂമന്ത്രി

തിരുവനന്തപുരം : പട്ടിണി സഹിക്കാന്‍ വയ്യാതെ കുട്ടികളെ അമ്മ ശിശു ക്ഷേമ സമിതിക്ക് കൈമാറിയ സംഭവത്തില്‍ കലക്ടറോട് റിപ്പോര്‍ട്ട് തേടിയെന്ന് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍.

സംഭവത്തെക്കുറിച്ച് വിശദമായി പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അമ്മയെയും കുട്ടികളേയും മഹിളാ മന്ദിരത്തിലേക്ക് മാറ്റാന്‍ നിര്‍ദേശം നല്‍കിയെന്നും റവന്യൂ മന്ത്രി പറഞ്ഞു.

കുടുംബത്തെ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് സാമൂഹ്യ ക്ഷേമവകുപ്പ് മന്ത്രി കെ.കെ ശൈലജ അറിയിച്ചിരുന്നു. ഈ കുട്ടികളെ കണ്ടെത്താന്‍ കഴിഞ്ഞത് സര്‍ക്കാര്‍ നടപ്പിലാക്കിയ തണല്‍ പദ്ധതിയുടെ വിജയമാണെന്നും കുട്ടികളെ സാമൂഹ്യ നീതി വകുപ്പ് സംരക്ഷിക്കുമെന്നും മന്ത്രി അറിയിച്ചു.

എല്ലാം അര്‍ഥത്തിലും കുടുംബത്തെ സഹായിക്കും. ഇത്തരം സാഹചര്യം കേരളത്തിലെ കുട്ടികള്‍ അനുഭവിക്കരുത്. നഗരസഭയോട് കൂടി ആലോചിച്ചിട്ട് കുട്ടികളുടെ അമ്മയ്ക്ക് ജോലി നല്‍കുന്ന കാര്യം തീരുമാനിക്കും. 4 കുട്ടികളുടെ വിദ്യാഭ്യാസം ഭക്ഷണം എന്നിവ ശിശു ക്ഷേമ സമിതി നോക്കും. കുട്ടികള്‍ക്ക് കുടുംബവുമൊത്ത് താമസിക്കാന്‍ സാഹചര്യം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം കുട്ടികളുടെ അമ്മയ്ക്ക് താല്‍ക്കാലിക ജോലി നല്‍കുമെന്നും കുടുംബത്തിന് താമസിക്കാന്‍ നഗരസഭയുടെ ഫ്‌ലാറ്റുകളിലൊന്ന് വിട്ടുനല്‍കുമെന്നും തിരുവനന്തപുരം മേയര്‍ കെ ശ്രീകുമാര്‍ അറിയിച്ചിരുന്നു.

തിരുവനന്തപുരം കൈതമുക്കില്‍ റെയില്‍വേ പുറമ്പോക്കില്‍ താമസിക്കുന്ന സ്ത്രിയാണ് മക്കളെ ശിശുക്ഷേമ സമിതിയെ സംരക്ഷിക്കാനേല്‍പ്പിച്ചത്. ഇവരുടെ ആറുമക്കളില്‍ നാലുപേരെ ശിശുക്ഷേമ സമിതി ഏറ്റെടുത്തു.

വിശപ്പ് സഹിക്കാന്‍ കഴിയാതെ ഇവരുടെ ഒരു കുട്ടി മണ്ണ് തിന്ന് വിശപ്പടക്കിയതായി ശിശുക്ഷേമ സമിതിക്ക് നല്‍കിയ അപേക്ഷയില്‍ അമ്മ പറയുന്നു. ടാര്‍പോളിന്‍ കെട്ടി മറച്ച കുടിലിലാണ് അമ്മയും ആറു കുട്ടികളും സ്ത്രീയുടെ ഭര്‍ത്താവും കഴിയുന്നത്.

ആറു കുട്ടികളാണ് ഇവര്‍ക്ക്. മൂത്തയാള്‍ക്ക് 7 വയസ്സും ഏറ്റവും ഇളയ ആള്‍ക്ക് മൂന്ന് മാസവുമാണ് പ്രായം. കൂലിപ്പണിക്കാരനായ ഭര്‍ത്താവ് മദ്യപാനിയാണ്. ഭക്ഷണത്തിനുള്ള വക ഭര്‍ത്താവ് തരാറില്ല. സംഭവമറിഞ്ഞെത്തിയ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ഇവിടെ എത്തുകയായിരുന്നു. മുലപ്പാല്‍ കുടിക്കുന്ന ഇളയ രണ്ട് കുഞ്ഞുങ്ങള്‍ ഒഴികെയുള്ള നാല് കുട്ടികളേയും ശിശുക്ഷേമസമിതി ഏറ്റെടുത്തു.

Top