ബെംഗളൂരു: ഇ കോമേഴ്‌സ് ആപ്പ് വഴി തട്ടിപ്പ്. ബെംഗളൂരു കോത്തന്നൂര്‍ സ്വദേശിയായ യുവതിയാണ് പരാതി നല്‍കിയത്. ആപ്പ് വഴി വസ്ത്രങ്ങളും ചെരുപ്പും വാങ്ങിയപ്പോഴാണ് തട്ടിപ്പിനിരയായതെന്നാണ് യുവതി പരാതിയില്‍ പറയുന്നത്.
49,000 രൂപയാണ് യുവതിക്ക് നഷ്ടമായത്. മാസങ്ങള്‍ക്കു മുന്‍പ് വാങ്ങിയ വസ്ത്രത്തിനും ചെരുപ്പിനും ഡിസ്‌ക്കൗണ്ട് കണ്ടതിനെ തുടര്‍ന്ന് ആപ്പില്‍ നല്‍കിയ നമ്പറുമായി ബന്ധപ്പെടുകയായിരുന്നുവെന്നും ശേഷം ഡിസ്‌ക്കൗണ്ട് ലഭിക്കുന്നതിന്റെ ഭാഗമായി ആദ്യം 5 രൂപ ട്രാന്‍സ്ഫര്‍ ചെയ്യണമെന്ന് അറിയിക്കുകയും ചെയ്തു.
അതിനുശേഷം പിന്നീട് 9 ഓളം ലിങ്കുകള്‍ അയക്കുകയും അത് പിന്നീട് മറ്റൊരു നമ്പറിലേയ്ക്ക് അയക്കണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. ലിങ്കുകള്‍ ആ നമ്പറിലേയ്ക്ക് അയച്ച ഉടനെ അക്കൗണ്ടില്‍ നിന്ന് 49,000 രൂപ പിന്‍വലിക്കപ്പെട്ടു എന്നാണ് യുവതി പറയുന്നത്. സംഭവത്തില്‍ കോത്തന്നൂര്‍ പൊലീസ് കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം നടത്തുന്നുണ്ടെന്നും അറിയിച്ചു.