e- health register project in kearala ; k.k shylaja

k.k-shylaja

കൊച്ചി: സംസ്ഥാനത്തെ എല്ലാ പൗരന്‍മാരുടെയും ആരോഗ്യപ്രശ്‌നങ്ങള്‍, ഉള്‍ക്കൊള്ളിച്ചുള്ള ഇലക്‌ട്രോണിക് ഇ ഹെല്‍ത്ത് രജിസ്റ്റര്‍ നടപ്പാക്കുമെന്ന് ആരോഗ്യ, കുടുംബക്ഷേമ വകുപ്പ് മന്ത്രി കെ.കെ. ശൈലജ.

എറണാകുളം ജനറല്‍ ആശുപത്രിയില്‍ കാത് ലാബിന്റെയും അഡ്വാന്‍സ്ഡ് ഇന്‍വേസീവ് കാര്‍ഡിയാക് കെയര്‍ യൂണിറ്റിന്റെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

അടിയന്തിര ഘട്ടങ്ങളില്‍ ആശുപത്രികളില്‍ എത്തുന്നവരെ സംബന്ധിച്ച വിവരങ്ങള്‍ മറ്റ് രേഖകളൊന്നുമില്ലാതെ വിരല്‍സ്പര്‍ശത്തില്‍ ലഭ്യമാക്കാന്‍ ഇ ഹെല്‍ത്ത് രജിസ്റ്റര്‍ പദ്ധതിയിലൂടെ സാഘിക്കുെമന്ന് മന്ത്രി പറഞ്ഞു.

എറണാകുളം അടക്കം ഏഴു ജില്ലകളിലാണ് ആദ്യഘട്ടത്തില്‍ ഇ ഹെല്‍ത്ത് രജിസ്റ്റര്‍ നടപ്പാക്കുക. പ്രാഥമികതലത്തില്‍ ശേഖരിക്കുന്ന വിവരങ്ങള്‍, ചികിത്സ, മരുന്നുകള്‍ തുടങ്ങിയവ രജിസ്റ്ററിലുണ്ടാകുമെന്നതിനാല്‍ മെഡിക്കല്‍ കോളേജ് അടക്കമുള്ള മറ്റ് ആശുപത്രികളില്‍ കാലതാമസമില്ലാതെ വിദഗ്ധ ചികിത്സ ലഭിക്കും.

വിവിധ തലങ്ങളെ സ്പര്‍ശിക്കുന്ന സമഗ്ര ആരോഗ്യ നയം പണിപ്പുരയിലാണെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തെ ജില്ലാ, താലൂക്ക് ആശുപത്രികളുടെ അവസ്ഥ സര്‍ക്കാര്‍ പരിശോധിച്ചു വരികയാണ്. ഇതിന്റെ തുടര്‍ച്ചയായി താഴെത്തലത്തിലും പരിശോധന നടക്കും.

സാധാരണക്കാര്‍ക്ക് താങ്ങാവുന്ന നിരക്കിലുള്ള ചികിത്സ എല്ലാ തലങ്ങളിലും ലഭ്യമാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ ഫാമിലി ഹെല്‍ത്ത് സെന്ററുകളാക്കുന്നത് ഇതിന്റെ ആദ്യപടിയാണ്.

താലൂക്ക് ആശുപത്രികളെ സ്‌പെഷ്യാലിറ്റി ആശുപത്രികളും ജില്ല ആശുപത്രികളെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളുമാക്കി ഉയര്‍ത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. മാസ്റ്റര്‍ പ്ലാന്‍ തയാറാക്കി നിലവിലുള്ള സൗകര്യങ്ങള്‍ സംയോജിപ്പിച്ച് ആശുപത്രികള്‍ മികവുറ്റതാക്കണം.

സംസ്ഥാനത്തെ ആശുപത്രികളുടെ പശ്ചാത്തല വികസനത്തിന് സഹായകമായ പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ പ്രതീക്ഷിക്കുന്നതായും മന്ത്രി അറിയിച്ചു.

Top