രാജ്യത്ത് ജനങ്ങളുടെ മേല്‍വിലാസവും, മറ്റ് വിവരങ്ങളും ഡിജിറ്റലാക്കാൻ പുതിയ പദ്ധതിയുമായി കേന്ദ്ര സർക്കാർ.
ഗൂഗിള്‍ മാപ്പ് രൂപത്തില്‍ ഇ.മാപ്പിലൂടെയാണ് പൗരന്‍മാരുടെ താമസ സ്ഥലം അടക്കമുള്ള കാര്യങ്ങള്‍ ഡിജിറ്റലാക്കാനുള്ള പദ്ധതി
നടപ്പിലാക്കാന്‍ ഒരുങ്ങുന്നത്.
പദ്ധതിയുടെ ആദ്യ ഘട്ടമായി ഡിജിറ്റല്‍ മാപ്പിങ്ങിന് ഡല്‍ഹി, നോയിഡ എന്നിവിടങ്ങളിലെ രണ്ട് പോസ്‌റ്റോഫീസുകള്‍ തയ്യാറായിട്ടുണ്ട്.
ആധാര്‍ നമ്പര്‍ പോലെ പ്രത്യേകം നമ്പര്‍ നല്‍കിയായിരിക്കും ഓരോ മേല്‍വിലാസവും വേർതിരിക്കുന്നത്.
ഭൂസ്വത്തിന്റെ ഉടമസ്ഥാവകാശം, ഭൂനികുതി വിവരം, ഗ്യാസ്, വൈദ്യുതി വിവരം എന്നിവയുടെയെല്ലാം വിവരം ഒരുമിച്ചാക്കുക എന്നതാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്.
മാപ്പ് മൈ ഇന്ത്യ എന്ന മാപ്പിങ് കമ്പനിയാണ് പദ്ധതി നടപ്പിലാക്കാനൊരുങ്ങുന്നതെന്നാണ് റിപ്പോർട്ട്.
സങ്കീര്‍ണമായ മേല്‍വിലാസങ്ങളെയെല്ലാം പദ്ധതിയിലൂടെ കണ്ട് പിടിക്കാമെന്നും അതുവഴി സര്‍ക്കാര്‍ സേവനങ്ങളും മറ്റും ലഭ്യമാക്കുന്നത് എളുപ്പമാക്കാമെന്നും മാപ്പ് മൈ ഇന്ത്യ അധികൃതര്‍ ചൂണ്ടിക്കാട്ടി.
സഞ്ചാരികള്‍ക്കും മറ്റും ഉദ്ദേശിച്ച സ്ഥലത്ത് എളുപ്പം എത്തിച്ചേരാനും ഇ. മാപ്പ് സഹായിക്കും. ഇത് വിനോദ സഞ്ചാര മേഖലയ്ക്കും മറ്റും വലിയ സാധ്യതയാണ് തുറന്നിടുന്നതെന്നും മാപ്പ് മൈ ഇന്ത്യ ചൂണ്ടിക്കാട്ടുന്നു