തിരുവനന്തപുരം:ഇപി ജയരാജന്റെ മന്ത്രിസഭാ പ്രവേശനം സംബന്ധിച്ച് തീരുമാനം ഇന്നുണ്ടായേക്കും. രാവിലെ സിപിഎം സെക്രട്ടറിയേറ്റ് യോഗവും ഉച്ചതിരിഞ്ഞ് സംസ്ഥാന സമിതിയും ചേരും. സിപിഐയ്ക്ക് ചീഫ് വിപ്പ് സ്ഥാനം നല്‍കാനും ചില വകുപ്പുകളില്‍ മാറ്റം വരാനും സാധ്യതയുണ്ട്. വിശദമായ തീരുമാനങ്ങള്‍ ഇന്നുണ്ടാകുമെന്നാണ് സൂചനകള്‍.
ഈ മാസം പത്തൊമ്പതിനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ചികില്‍സക്കായി അമേരിക്കയിലേക്കു പോകുന്നത്. അതിനു മുന്‍പ് ജയരാജനെ മന്ത്രിസഭയിലെത്തിക്കാനാണ് ധൃതഗതിയിലുള്ള നീക്കങ്ങള്‍.
ജയരാജന്‍കൂടി എത്തുന്നതോടെ മന്ത്രിമാരുടെ എണ്ണം ഇരുപതാകും. സ്വാഭാവികമായി അവകാശവാദം ഉന്നയിക്കുന്ന സി.പി.ഐക്ക് കാബിനറ്റ് പദവി നല്‍കാമെന്ന് ഇരുനേതൃത്വങ്ങളും ധാരണയായിട്ടുണ്ടെന്നാണ് സൂചന. വ്യവസായം ഇ.പിക്ക് നല്‍കിയാല്‍ മറ്റുമന്ത്രിമാരുടെ വകുപ്പുകളിലും ചെറിയതോതിലുള്ള അഴിച്ചുപണിയുണ്ടാകും.
അതേസമയം, ജയരാജനെ മന്ത്രി സഭയിലേക്ക് കൊണ്ടുവരാനുള്ള നീക്കം അധാര്‍മികമാണെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.
ഇ.പി.ജയരാജന്‍ നടത്തിയ അഴിമതി എല്ലാവര്‍ക്കുമറിയാം. അദ്ദേഹത്തിന്റെ പാര്‍ട്ടി തന്നെ അന്വേഷണം നടത്തി അഴിമതി നടന്നുവെന്ന് കണ്ടെത്തിയതാണെന്നും ചെന്നിത്തല ആരോപിച്ചു. ജയരാജനെ മന്ത്രി സഭയില്‍ ഉള്‍പ്പെടുത്തുന്നതില്‍ പ്രതിപക്ഷം ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു.