തിരുവനന്തപുരം: സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഒളിമ്പ്യന്‍ അഞ്ജു ബോബി ജോര്‍ജിനോട് മോശമായി പെരുമാറിയിട്ടില്ലെന്ന് കായികമന്ത്രി ഇ.പി. ജയരാജന്‍. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ടി.കെ. ഇബ്രാഹിംകുട്ടിക്കൊപ്പം ഓഫീസിലെത്തിയ അഞ്ജു സന്തോഷത്തോടെയാണ് മടങ്ങിയതെന്നും അദ്ദേഹം വിശദീകരിച്ചു. തനിക്കെതിരെ അഞ്ജു മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതായി അറിയില്ലെന്നും മന്ത്രി പറഞ്ഞു.
കായികമന്ത്രിയുടെ ഓഫീസിലെത്തിയപ്പോള്‍ മന്ത്രി അകാരണമായി ശകാരിച്ചെന്നും അധിക്ഷേപിച്ചെന്നും അഞ്ജു മുഖ്യമന്ത്രിയോടു പരാതി പറഞ്ഞെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കൗണ്‍സിലില്‍ മുഴുവന്‍ അഴിമതിക്കാരും പാര്‍ട്ടിവിരുദ്ധരുമാണെന്നും ആക്ഷേപിച്ച മന്ത്രി എല്ലാവരും കാത്തിരുന്നു കണ്ടോയെന്നു ഭീഷണി മുഴക്കിയെന്നും അഞ്ജു പരാതിയില്‍ പറഞ്ഞിരുന്നു.