തിരുവനന്തപുരം: കായികതാരം അഞ്ജു ബോബി ജോര്‍ജ്ജിനെ മറയാക്കി അഴിമതിക്കാരെ സംരക്ഷിക്കാനുള്ള ശ്രമമാണ് കഴിഞ്ഞ രണ്ട് ദിവസമായി നടക്കുന്നതെന്ന് മന്ത്രി ഇപി ജയരാജന്‍.
സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റും വൈസ് പ്രസിഡന്റും കഴിഞ്ഞ ദിവസം തന്നെ കാണാന്‍ വന്നിരുന്നുവെന്നും വളരെ സൗഹൃദപരമായാണ് പെരുമാറിയതെന്നും ഇപി ജയരാജന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു
ഇ പി ജയരാജന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;
‘സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റിന്റേതായി രണ്ടു ദിവസമായി മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്ത അത്ഭുതപ്പെടുത്തുന്നു. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റും വൈസ് പ്രസിഡന്റും തന്നെ കാണാന്‍ കഴിഞ്ഞ ഏഴിന് ഓഫീസില്‍ വന്നിരുന്നു. അവരുമായി നല്ല സൗഹൃദത്തില്‍ സംസാരിച്ച് പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ വിജയവും ആശംസിച്ചാണ് പിരിഞ്ഞത്. സര്‍ക്കാര്‍ മാറിവന്നാല്‍ പുതിയ സര്‍ക്കാരിന്റെ കായിക നയങ്ങളും തീരുമാനങ്ങളും ബാധകമാകേണ്ടതാണ്. ബോര്‍ഡ് യോഗം കൂടി തീരുമാനം എടുക്കുമ്പോള്‍ അതു മറക്കരുത് എന്ന് സംസാരമധ്യേ വൈസ് പ്രസിഡന്റ് ഇബ്രാഹിംകുട്ടിയോട് പറഞ്ഞു.
കഴിഞ്ഞ ദിവസം പ്രസിഡന്റിന്റെ അഭാവത്തില്‍ വൈസ് പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് എടുത്ത തീരുമാനങ്ങള്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ താല്‍പ്പര്യത്തിന് വിരുദ്ധമാണ് എന്നും ചൂണ്ടിക്കാട്ടി. അതെന്താണെന്ന് വൈസ് പ്രസിഡന്റ് ചോദിച്ചപ്പോഴാണ് പ്രസിഡന്റിന് ബംഗളൂരുവില്‍ നിന്ന് വരാനുള്ള വിമാനച്ചാര്‍ജ് നല്‍കാന്‍ എടുത്ത തീരുമാനം ഉദാഹരിച്ചത്. അങ്ങനെ തീരുമാനിക്കുന്നതിനു മുമ്പ് ആലോചിക്കേണ്ടതായിരുന്നുവെന്ന് വൈസ് പ്രസിഡന്റിനോടും ആ തീരുമാനം നിങ്ങള്‍ക്ക് ചീത്തപ്പേര് ഉണ്ടാക്കുമെന്ന് പ്രസിഡന്റിനോടും പറഞ്ഞു.
ചില നിയമനങ്ങള്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലിന് സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നതാണ്. ചിലര്‍ക്ക് രണ്ടുമാസത്തേക്ക് വിദേശയാത്ര അനുവദിച്ചതടക്കമുള്ള കാര്യങ്ങള്‍ പ്രത്യക്ഷത്തില്‍ തന്നെ അഴിമതി നിറഞ്ഞതായും അനാവശ്യമായും കാണുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ ഒരു തരത്തിലുള്ള അഴിമതിയും അംഗീകരിക്കില്ല. ഇത്രയും കാര്യങ്ങള്‍ പൊതുവായി പറഞ്ഞിരുന്നു. തന്റെ ശ്രദ്ധയില്‍വന്ന കാര്യങ്ങള്‍ അവരോട് വിശദീകരിക്കുകയാണ് ചെയ്തത്. അതു കഴിഞ്ഞ് സൗഹൃദത്തോടെയാണ് പിരിഞ്ഞത്. ഏഴിന് തന്നെ കാണാന്‍വന്ന് തിരിച്ചുപോയ അഞ്ജു ബോബി ജോര്‍ജ് അന്ന് ഒരു പരാതിയും പറഞ്ഞില്ല. അടുത്ത ദിവസവും പിന്നിട്ട് ഒമ്പതിനാണ് തന്നെ ശകാരിച്ചു എന്ന വാര്‍ത്ത അവര്‍ പുറത്തുവിടുന്നത്. എന്തുകൊണ്ടാണ് രണ്ടു ദിവസം കഴിഞ്ഞ് ഇങ്ങനെ ഒരു നിലപാട് സ്വീകരിച്ചതെന്ന് മനസ്സിലാകുന്നില്ല. ഈ വസ്തുതകള്‍ മനസ്സിലാക്കാതെയാണ് ചില മാധ്യമങ്ങള്‍ ദുഷ്പ്രചാരണവുമായി രംഗത്തുവരുന്നത്.
അഞ്ജു എന്ന കായികപ്രതിഭയെ മറയാക്കി അഴിമതിക്കാരെ സംരക്ഷിക്കാന്‍ മുഖപ്രസംഗം എഴുതുന്ന സ്ഥിതിവരെ ഉണ്ടായി. സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് നിരവധി പരാതികള്‍ കായികതാരങ്ങളും മുന്‍കാല ഭാരവാഹികളും കായികമന്ത്രി എന്ന നിലയില്‍ എന്നെ അറിയിച്ചിട്ടുണ്ട്. ഇത്തരം പരാതികളില്‍ അന്വേഷണം നടത്താതിരിക്കാനും അഴിമതിക്കാരെ സംരക്ഷിക്കാനും ഉള്ള ശ്രമം മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിച്ച് ചില കേന്ദ്രങ്ങള്‍ നടത്തുന്നതായി സംശയിക്കുന്നു. കായിക മേഖലയില്‍ വന്‍ മുന്നേറ്റം ഉണ്ടാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് സര്‍ക്കാര്‍ തുടക്കം കുറിക്കുന്നത്. അതിന് വിഘാതമുണ്ടാക്കുന്ന ഇത്തരം പ്രചാരണങ്ങളെ കായികപ്രേമികള്‍ തള്ളിക്കളയണമെന്നും അഴിമതിക്കെതിരായ നിലപാടില്‍ കായികലോകത്തിന്റെ പൂര്‍ണ പിന്തുണ ഉണ്ടാകണമെന്നും അഭ്യര്‍ഥിക്കുന്നു’.