മെട്രോ നിര്‍മ്മാണത്തില്‍ പിഴവു പറ്റിയെന്ന് സമ്മതിച്ച് ഇ ശ്രീധരന്‍, വിശദമായ പഠനം ആവശ്യം

തൃശ്ശൂര്‍: മെട്രോ നിര്‍മ്മാണത്തില്‍ പിശകു പറ്റിയതായി ഇ ശ്രീധരന്‍. പില്ലര്‍ നിര്‍മ്മാണത്തിലെ വീഴ്ച ഡിഎംആര്‍സി പരിശോധിക്കുമെന്നും എങ്ങനെയാണ് പിശക് വന്നതെന്ന് അറിയില്ലെന്നും ഇ ശ്രീധരന്‍ പറഞ്ഞു. വിശദമായ പഠനം ആവശ്യമാമെന്നും ഇത് ഡെല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ നടത്തുമെന്നും ശ്രീധരന്‍ പറഞ്ഞു.

പൈലിംഗ് പാറ നിരപ്പില്‍ എത്താത്തതാണ് കൊച്ചി മെട്രോ മെട്രോ 347-ാം നമ്പര്‍ തൂണിന്റെ ബലക്ഷയത്തിനിടയാക്കിയെന്ന് പഠന റിപ്പോര്‍ട്ട്. കൊച്ചി പത്തടിപ്പാലത്തെ തൂണിന് ബലക്ഷയം സംഭവിച്ചതാണ് പാളം ചരിയാനിടയാക്കിയെതെന്നും ജിയോ ടെക്‌നിക്കല്‍ പഠനത്തില്‍ പറയുന്നു. തൂണിന്റെ അടിത്തറ ബലപ്പെടുത്ത ജോലികള്‍ അടുത്ത ആഴ്ച തുടങ്ങുമെന്നാണ് കെഎംഎആല്‍എല്‍ അറിയിക്കുന്നത്.

ഒരു മാസം മുമ്പാണ് കൊച്ചി പത്തിടിപ്പാലത്തെ 347-ാം നമ്പര്‍ മെട്രോ തൂണ്‍ ചരിഞ്ഞതായി കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് മെട്രോ ട്രാക്കിന്റെ അലൈന്‍മെന്റിന് അകല്‍ച്ച സംഭവിച്ചിരുന്നു. ഇതിന്റെ കാരണം തേടിയുള്ള അന്വേഷണത്തിനാണ് മെട്രോ തൂണിന് ബലക്ഷയം സംഭവിച്ചതായി കണ്ടെത്തിയത്. തൂണിനായി നടത്തിയ പൈലിംഗ് താഴെ പാറ നിരപ്പില്‍ എത്തിയിട്ടില്ല. തൂണിന്റെ തറനിരപ്പിന് താഴെ ചെളിക്കുഴിയാണ്. 10 മീറ്ററിലധികം കുഴിച്ചാല്‍ മാത്രമേ ഇവിടെ പാറ കാണാനാകൂ. പാറയും തുരന്ന് വേണം പൈലിന്റെ അടിത്തറ ഉറപ്പിക്കാന്‍. നിലവിലെ പൈലിംഗും പാറയും തമ്മില്‍ ഒരു മീറ്ററോളം അകല്‍ച്ചയുണ്ടെന്ന് ജിയോ ടെക്‌നിക്കല്‍ പഠനത്തില്‍ കണ്ടെത്തി. ഇതാണ് തൂണിന്റെ ബലക്ഷയത്തിനിടയാക്കിയത്. എന്നാല്‍ ഇതുസംബന്ധിച്ച് ഔദ്യോഗിക വിശദീകരണത്തിന് കെഎംആര്‍എല്‍ തയ്യാറായിട്ടില്ല.

അതേസമയം തൂണിന്റെ അടിത്തറ ബലപ്പെടുത്തുന്ന ജോലികള്‍ അടുത്ത ആഴ്ച തുടങ്ങുമെന്ന് കെഎംആര്‍എല്‍ അറിയിച്ചു. ഡിഎംആര്‍സി, എല്‍ആന്‍ഡ്ടി, കെഎംആര്‍എല്‍ എന്നിവയുടെ നേതൃത്വത്തിലായിരിക്കും നിര്‍മാണം. എല്‍ആന്‍ഡ്ടിയിക്കായിരിക്കും നിര്‍മ്മാണ ചുമതലയെന്നും കെഎംആര്‍എല്‍ വ്യക്തമാക്കി. ഡിഎംആര്‍സിയുടെ നേതൃത്വത്തിലായിരുന്നു കൊച്ചി മെട്രോയുടെ ആദ്യഘട്ട നിര്‍മാണം. 347-ാം നമ്പര്‍ തൂണിന് ബലക്ഷയം കണ്ടെത്തിയതിനെ തുടര്‍ന്ന് ഒരു മാസത്തോളമായി ഈ തൂണിന് മുകളിലൂടെയുള്ള മെട്രോ സര്‍വീസ് കുറച്ചിരിക്കുകയാണ്.

Top