കൊച്ചി മെട്രോ ഉദ്ഘാടന വേദിയില്‍ താരമായത് മെട്രോമാന്‍ ; സദസ്സ് ഇളകി മറിഞ്ഞു

കൊച്ചി: കൊച്ചി കലൂര്‍ രാജ്യാന്തര സ്‌റ്റേഡിയത്തില്‍ നടന്ന മെട്രോ ഉദ്ഘാടന വേദിയിലും താരമായത് മെട്രോ മാന്‍ ഇ.ശ്രീധരന്‍ തന്നെ.

ഉദ്ഘാടന പ്രസംഗം നടത്തിയ കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ് ഇ.ശ്രീധരന്റെ പേര് പറഞ്ഞ ഉടനെ സദസ്സ് ഇളകി മറിയുകയായിരുന്നു. പിന്നീട് ഏലിയാസ് ജോര്‍ജിന് പ്രസംഗം തുടരാന്‍ കയ്യടികള്‍ അവസാനിക്കുന്നത് വരെ കാത്തുനില്‍ക്കേണ്ടി വന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പോലും കിട്ടാത്ത സ്വീകാര്യതയാണ് സദസ്സിനിടയില്‍ നിന്ന് മെട്രോമാന് ലഭിച്ചത്.

കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു അദ്ദേഹത്തിന്റെ പ്രസംഗത്തിനിടെ മെട്രോ മാന്റെ പേര് പറഞ്ഞപ്പോഴും സമാനമായ രീതിയില്‍ വന്‍കയ്യടിയാണ് സദസില്‍ ഉയര്‍ന്നത്. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും അടക്കമുള്ളവര്‍ അത്ഭുതത്തോടെയാണ് ജനങ്ങളുടെ ഈ ആവേശം നോക്കിക്കണ്ടത്.

മെട്രോയുടെ ഉദ്ഘാടന വേദിയില്‍ ശ്രീധരന് ഇടമില്ല എന്ന വാര്‍ത്ത സംസ്ഥാനത്ത് വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാര്‍ പ്രധാനമന്ത്രിക്ക് കത്തയച്ചതോടെയാണ് ശ്രീധരനും പ്രതിപക്ഷ നേതാവ് ചെന്നിത്തലയ്ക്കും വേദിയില്‍ ഇരിപ്പിടം ലഭിച്ചത്.

രാഷ്ട്രപതി സ്ഥാനത്തേക്ക് ശ്രീധരന്റെ പേരും പരിഗണിക്കുമെന്ന ശക്തമായ അഭ്യൂഹം ഉയര്‍ന്നിരിക്കെയാണ് പ്രധാനമന്ത്രിക്ക് മുന്നില്‍ ശ്രീധരന്റെ ജനസ്വാധീനം പ്രകടമായത്.

ഉദ്ഘാടനത്തിനായി കൊച്ചിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പാലാരിവട്ടം മെട്രോ സ്‌റ്റേഷന്റെ ഉദ്ഘാടനമാണ് ആദ്യം നിര്‍വഹിച്ചത്.

പാലാരിവട്ടത്ത് നിന്ന് പത്തടിപ്പാലത്തേക്കും തിരിച്ചുമായിരുന്നു മോദിയുടെ ആദ്യ മെട്രോ യാത്ര.

ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, മെട്രോ മാന്‍ ഇ.ശ്രീധരന്‍, കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ്, കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു, ചീഫ് സെക്രട്ടറി നളിനി നെറ്റോ, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ എന്നിവരും മോദിക്കൊപ്പം മെട്രോയിലുണ്ടായിരുന്നു.

Top