കൊച്ചി: പാലാരിവട്ടം പാലത്തിന്റെ പുനര്‍നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചത് അഭിമാന നിമിഷമെന്ന് ഇ. ശ്രീധരന്‍. ഉരാളുങ്കല്‍ സൊസൈറ്റിക്ക് പ്രത്യേകം നന്ദിയറിയിച്ച അദ്ദേഹം പാലം നാളെയോ മറ്റന്നാളോ സര്‍ക്കാരിന് കൈമാറുമെന്നും അറിയിച്ചു. ഡിഎംആര്‍സി യൂണിഫോമിലുള്ള തന്റെ ജീവിതത്തിലെ അവസാന ദിവസമിതാണെന്നും തെരഞ്ഞെടുപ്പില്‍ നോമിനേഷന്‍ നല്‍കുന്നതിന് മുമ്പ് ഡിഎംആര്‍സിയിലെ മുഖ്യ ഉപദേഷ്ടാവ് ചുമതലയില്‍ നിന്നും രാജി വെക്കുമെന്നും അദ്ദേഹം അറിയിച്ചു.
പാലത്തിന്റെ എല്ലാ പണിയും നാളത്തോടെ പൂര്‍ത്തിയാകും. ചെറിയ തോതിലുള്ള അറ്റകുറ്റപ്പണികള്‍ മാത്രമാണ് ഇനി പൂര്‍ത്തികരിക്കാനുള്ളത്. ഭാരപരിശോധനാ റിപ്പോര്‍ട്ട് ഇന്ന് കൈമാറും. പാലം എപ്പോള്‍ തുറന്ന് കൊടുക്കണമെന്ന് സര്‍ക്കാരാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് പാലം നിര്‍മാണം ഏറ്റെടുത്തത്. ഡിഎംആര്‍സിക്ക് ലാഭമുണ്ടാക്കാനല്ല പകരം ജനങ്ങള്‍ക്ക് വേണ്ടിയാണ് പാലം പണി വേഗത്തില്‍ പൂര്‍ത്തിയാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.