കൊച്ചി: കൊച്ചി മെട്രോ ഉദ്ഘാടന ചടങ്ങ് വിവാദത്തിനിടെ അവസാനഘട്ട ഒരുക്കങ്ങള്‍ വിലയിരുത്തി ഡി.എം.ആര്‍.സി മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരന്‍.
മെട്രോ ഉദ്ഘാടനം ശനിയാഴ്ച നടക്കാനിരിക്കെ, സ്റ്റേഷനുകളുടെയും ട്രെയിനുകളുടെയും മറ്റും അവസാനവട്ട ഒരുക്കങ്ങള്‍ വിലയിരുത്താന്‍ വ്യാഴാഴ്ച രാവിലെ തന്നെ ഇ.ശ്രീധരന്‍ എത്തി.
മെട്രോ രണ്ടാംഘട്ടത്തില്‍ താനും ഡി.എം.ആര്‍.സിയും ഉണ്ടാക്കില്ലെന്ന് ഇ. ശ്രീധരന്‍ പറഞ്ഞു. രണ്ടാം ഘട്ടം പൂര്‍ത്തിയാക്കാന്‍ കെ.എം.ആര്‍.എല്‍ പ്രാപ്തരാണ്. ഉദ്ഘാടന ചടങ്ങില്‍ വിളിയ്ക്കാത്തതില്‍ ഖേദമില്ലെന്നും അദ്ദേഹം അറിയിച്ചു.
ഉദ്ഘാടന ചടങ്ങ് നടക്കുന്ന പാലാരിവട്ടം സ്റ്റേഷനിലെത്തിയ അദ്ദേഹം ഒരുക്കങ്ങളും സുരക്ഷാക്രമീകരണങ്ങളും പരിശോധിച്ചു. കെ.എം.ആര്‍.എല്‍ ഉദ്യോഗസ്ഥരും ഇ. ശ്രീധരനോടൊപ്പമുണ്ടായിരുന്നു. ഉദ്ഘാടനശേഷം മെട്രോ സര്‍വീസ് നടത്തുന്ന പാലരിവട്ടം മുതല്‍ മുഴുവന്‍ ദൂരം ശ്രീധരന്‍ വിശദമായി പരിശോധിച്ചേക്കും.
ഇതിനിടെ ഇ.ശ്രീധരനെയും, പ്രതിപക്ഷ നേതാവടക്കമുള്ള ജനപ്രതിനിധികളെയും ഒഴിവാക്കിയ നടപടി ചര്‍ച്ച ചെയ്യാന്‍ എറണാകുളം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഇന്ന് ചേരും. കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണ് യോഗം. മെട്രോ ഉദ്ഘാടന ചടങ്ങ് യു ഡി എഫ് ബഹിഷ്‌ക്കരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.