മലപ്പുറം: മുസ്ലീം ലീഗ് നേതാവ് ഇ.ടി. മുഹമ്മദ് ബഷീറിനെ പൊന്നാനി ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിപ്പിക്കരുതെന്ന രാഷ്ട്രീയ പ്രമേയം പാസാക്കിയതില്‍ ഖേദം പ്രകടിപ്പിച്ച് യൂത്ത് കോണ്‍ഗ്രസ്.
പൊന്നാനി പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റിയാണ് നിലപാട് വ്യക്തമാക്കിയത്. പ്രമേയത്തിലെ പരാമര്‍ശം പിന്‍വലിക്കുന്നതായും നേതൃത്വം വ്യക്തമാക്കി. സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശപ്രകാരമാണ് ഖേദം പ്രകടിപ്പിക്കല്‍.
യുഡിഎഫിന്റെ ഐക്യം തകര്‍ക്കുന്നതാണ് യൂത്ത് കോണ്‍ഗ്രസ് പ്രമേയമെന്ന് മുസ്ലീം ലീഗ് ജില്ലാ നേതൃത്വം കുറ്റപ്പെടുത്തിയിരുന്നു. ഘടക കക്ഷിയുടെ സീറ്റില്‍ യൂത്ത് കോണ്‍ഗ്രസ് അഭിപ്രായം പറഞ്ഞതിനെതിരെ സംഘടനയ്ക്കുള്ളില്‍ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു.
യൂത്ത് കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്നുണ്ടായ പ്രമേയം ലീഗ് അണികള്‍ക്കിടയില്‍ അസംതൃപ്തി ഉണ്ടാക്കിയതിന് പിന്നാലെയാണ് പ്രമേയത്തെക്കുറിച്ച് ഖേദപ്രകടനവുമായി യൂത്ത് കോണ്‍ഗ്രസ് എത്തുന്നത്.
തെറ്റ് ഏറ്റുപറഞ്ഞു പരസ്യമായി വിശദീകരണം നല്‍കാനാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടിട്ടുള്ളത്. പ്രമേയം അവതരിപ്പിക്കുന്നതിനു തൊട്ടുമുൻപാണ് ഇക്കാര്യം അറിഞ്ഞതെന്നും അപ്പോള്‍ തന്നെ അതു തിരുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സിദ്ദിഖ് പന്താവൂര്‍ പറഞ്ഞു. സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട പ്രമേയത്തിലെ പരാമര്‍ശം മുന്നണി മര്യാദയ്ക്ക് യോജിച്ചതല്ലെന്നും ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം ഫെയ്സ്ബുക്കിലൂടെ വ്യക്തമാക്കി.
ശനിയാഴ്ചയാണ് യൂത്ത് കോണ്‍ഗ്രസ് ഇത് സംബന്ധിച്ച പ്രമേയം പാസാക്കിയത്. പി.കെ.കുഞ്ഞാലിക്കുട്ടിയോ അതു പോലെയുള്ള നേതാക്കളോ വേണമെന്നാണ് യൂത്ത് കോണ്‍ഗ്രസിന്റെ ആവശ്യം.
മുസ്ലീം ലീഗിന്റെ ഉറച്ച കോട്ടയായ പൊന്നാനി ലോക്‌സഭാ മണ്ഡലത്തില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മികച്ച വിജയമാണ് ഇ.ടി നേടിയത്. 1977 മുതല്‍ മുസ്ലീം ലീഗ് വിജയിക്കുന്ന മണ്ഡലത്തില്‍ 2009 ലും 2014 ലും ലീഗ് ടിക്കറ്റില്‍ വിജയിച്ച ഇ.ടിക്ക് നറുക്ക് വീണാല്‍ ഇത് മൂന്നാമൂഴമാകും.