തിരുവനന്തപുരം : നിയമസഭയിൽ ആദ്യമായി ഇ വോട്ടിങ്. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയമാണ് ഡിജിറ്റൽ വോട്ട് വഴി പാസാക്കിയത്. ഇരിപ്പിടത്തിൽ സജ്ജീകരിച്ച എൽഇഡി സ്‌ക്രീനിലെ വിൻഡോയിൽ തെളിഞ്ഞ യെസ്, നോ ഓപ്ഷനുകളിലൂടെയാണ് അംഗങ്ങൾ വോട്ടു രേഖപ്പെടുത്തിയത്. നേരത്തേ, ഇരിപ്പിടങ്ങളിലെ ബട്ടൻ ഉപയോഗിച്ചും കൈ ഉയർത്തിയുമായിരുന്നു വോട്ടെടുപ്പ്.3 ദിവസത്തെ ചർച്ചയ്ക്കു ശേഷം ഇന്നലെ നന്ദിപ്രമേയം പാസാക്കുന്ന ഘട്ടത്തിലാണ് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഇ വോട്ടിങ് പ്രഖ്യാപിച്ചത്.
ആദ്യം റിഹേഴ്‌സലായിരുന്നു. ബെൽ മുഴങ്ങി 40 സെക്കൻഡിനകം വോട്ടു ചെയ്യണമെന്നായിരുന്നു നിർദേശം. എന്നാൽ റിഹേഴ്‌സലിൽ പല അംഗങ്ങളുടെയും വോട്ട് സ്‌ക്രീനിൽ തെളിഞ്ഞില്ല. തുടർന്ന് വീണ്ടും റിഹേഴ്സൽ. ഇത്തവണ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ, റോഷി അഗസ്റ്റിൻ എന്നിവരുടെ സ്ക്രീനിൽ വോട്ടിങ് വിൻഡോ തെളിഞ്ഞില്ല. തുടർന്ന് തകരാറുകൾ പരിഹരിച്ചാണ് അന്തിമ വോട്ടെടുപ്പു നടന്നത്.