ന്യൂഡല്‍ഹി: പെണ്‍കുട്ടികള്‍ ആറ് മണിക്ക് മുമ്പ് ഹോസ്റ്റലുകളില്‍ കയറുന്നതാണ് നല്ലതെന്ന് വനിതാ-ശിശുക്ഷേമ മന്ത്രി മേനകാ ഗാന്ധി. വനിത ഹോസ്റ്റലുകളില്‍ സമയനിയന്ത്രണം അനിവാര്യമാണെന്നും മേനകാഗാന്ധി പറഞ്ഞു.
കൗമാരപ്രായത്തിലുണ്ടാകുന്ന ഹോര്‍മോണ്‍ മാറ്റങ്ങള്‍ ഏറെ വെല്ലുവിളികളുണ്ടാക്കും. ഹോര്‍മോണ്‍ മാറ്റങ്ങള്‍ ഉണ്ടാക്കുന്ന പൊട്ടിത്തെറികളില്‍ നിന്ന് സുരക്ഷിതരായിരിക്കാന്‍ ഒരു ‘ലക്ഷ്മണ രേഖ’ വരയ്ക്കുന്നത് പെണ്‍കുട്ടികളെ സഹായിക്കും.
വനിതാകോളെജുകളുടെ സുരക്ഷ ശക്തമാക്കിയാല്‍ പോരേ എന്ന ചോദ്യത്തിന് വടിയുമേന്തി നില്‍ക്കുന്ന രണ്ട് ബിഹാറി സുരക്ഷാജീവനക്കാര്‍ക്ക് ഒന്നും ചെയ്യാനാകില്ല എന്നാണ് മന്ത്രി മറുപടി നല്‍കിയത്. ലോക വനിതാദിനത്തിന്റെ ഭാഗമായി മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് മന്ത്രിയുടെ പ്രതികരണം.
”സമയനിയന്ത്രണം കൊണ്ടുമാത്രമേ അത് സാധിക്കൂ. രാത്രി ലൈബ്രറിയില്‍ പോകണമെങ്കില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ദിവസം അനുവദിക്കണം.പെണ്‍കുട്ടികള്‍ക്ക് മാത്രമല്ല, ആണ്‍കുട്ടികള്‍ക്കും ഇത്തരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണം. ആറ് മണിക്ക് ശേഷം ‘കറങ്ങി നടക്കാന്‍’ അവരെയും അനുവദിക്കേണ്ടന്നും അവര്‍ അഭിപ്രായപ്പെട്ടു.