ദില്ലി: മറ്റ് സംസ്ഥാനങ്ങളിൽ വിൽക്കുന്നത് തടയരുതെന്ന ഹർജിയുമായി മേഘാലയ, സിക്കിം സർക്കാരുകൾ. സുപ്രീംകോടതിയിലാണ് ഇരു സംസ്ഥാനങ്ങളും ഇക്കാര്യം വ്യക്തമാക്കി ഹർജി നൽകിയത്. കൊവിഡ് മഹാമാരിക്ക് ശേഷം ലോട്ടറിയിൽ നിന്നല്ലാതെ മറ്റ് വരുമാനങ്ങൾ തങ്ങൾക്കില്ലെന്ന് മേഘാലയ, സിക്കിം സർക്കാരുകൾ വ്യക്തമാക്കി. ഒരു സംസ്ഥാനത്തിന്റെ ഉൽപ്പനം മറ്റൊരു സംസ്ഥാനത്ത് വിൽക്കുന്നത് തടയുന്നത് ഫെഡറൽ സംവിധാനത്തിന്റെ ലംഘനമാണെന്നും മേഘാലയ സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. കേന്ദ്ര സർക്കാരിനെ എതിർ കക്ഷിയാക്കി മേഘാലയ സർക്കാർ ഫയൽ ചെയ്ത സ്വകാര്യ അന്യായം മൂന്ന് ആഴ്ചയ്ക്ക് ശേഷം പരിഗണിക്കാൻ സുപ്രീംകോടതി മാറ്റി.
കേന്ദ്ര സർക്കാർ കൊണ്ടുവന്ന 1998-ലെ ലോട്ടറി നിയന്ത്രണ നിയമത്തിലെ അഞ്ചാം വകുപ്പ് ചോദ്യം ചെയ്താണ് മേഘാലയ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിട്ടുള്ളത്. ഇതര സംസ്ഥാന ലോട്ടറികള്‍ക്ക് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്താന്‍ കഴിയുന്നത് ഈ വകുപ്പ് അനുസരിച്ചാണ്. ഹർജി പരിഗണിക്കവേയാണ് കൊവിഡ് മഹാമാരിക്ക് ശേഷം തങ്ങളുടെ വരുമാന കുറവ് ഇരു സംസ്ഥാനങ്ങളും കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്.
ഇതര സംസ്ഥാന ലോട്ടറികളെ നിയന്ത്രിക്കാൻ സംസ്ഥാന സർക്കാരിന് അധികാരമുണ്ടെന്ന ഹൈക്കോടതി ഉത്തരവിനെതിരെ, നാഗാലാൻഡ് സർക്കാരിന്റെ ഹർജിയിൽ കേരളം ഉൾപ്പെടെ എല്ലാ കക്ഷികൾക്കും നോട്ടീസ് അയച്ചു. നാഗാലാൻഡ് സർക്കാരിന്റെ ഹർജിയിൽ എതിർ സത്യവാങ്മൂലം നൽകാൻ കേരളത്തിന് മൂന്നാഴ്ച്ചത്തെ സമയം കോടതി നൽകി. ഇതര സംസ്ഥാന ലോട്ടറികളുടെ വിൽപന തടഞ്ഞ കേരള സർക്കാരിൻ്റെ നടപടി ഫെഡറൽ തത്ത്വത്തിന് എതിരാണെന്ന് നാഗാലാൻഡ് സർക്കാരിനായി മുതിർന്ന അഭിഭാഷകൻ തുഷാർ മേത്ത വാദിച്ചു.
രണ്ട് സംസ്ഥാനങ്ങളും നടത്തുന്നത് വ്യാപാരമാണെന്നും ഇതിനിടയിൽ ഒരു സർക്കാർ മറ്റൊരു സർക്കാരിനെ വ്യാപാരത്തിൽ നിന്ന് വിലക്കുന്നത് നിയമപരമല്ലെന്നും ഒരു സർക്കാരിന് അന്യസംസ്ഥാന ലോട്ടറിയെ നിയന്ത്രിക്കാം പക്ഷേ വിലക്കാനാകില്ലെന്നും നാഗാലാൻഡ് സർക്കാർ വാദിച്ചു. എന്നാൽ നാഗാലാൻഡ് സർക്കാരിൻ്റെ ലോട്ടറി ഏജൻ്റ് പല വിധ ക്രമക്കേടുകളും വ്യാപാരത്തിൽ നടത്തിയിട്ടുണ്ടെന്ന് കേരളം കോടതിയെ അറിയിച്ചു. ഇത്തരം നടപടികൾ കണ്ടെത്തിയാൽ സംസ്ഥാനത്തിന് നടപടിയെടുക്കാമെന്ന് കേന്ദ്രം അനുമതി നൽകിട്ടുണ്ടെന്നും സംസ്ഥാനം വ്യക്തമാക്കി.