ലണ്ടൻ: ഭൂമിയുടെ കറക്കത്തിന്റെ വേഗം കൂടിയതോടെ 24 മണിക്കൂറാണ് ഒരു ദിവസമെന്ന് പറയാൻ കഴിയില്ലെന്ന് ശാസ്ത്രജ്ഞർ. കഴിഞ്ഞ 50 വർഷത്തിനിടെയാണ് ഭൂമി കറക്കത്തിൻറ വേഗം കൂട്ടിയത്. 2020 മുതൽ തന്നെ ഒരു ദിവസം പൂർത്തിയാകാൻ 24 മണിക്കൂർ എടുത്തില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. 1960കൾക്കു ശേഷം കഴിഞ്ഞ വർഷം ജൂലൈ 19നാണ് ഏറ്റവും ചുരുങ്ങിയ സമയം കൊണ്ട് ഒരു ദിവസം പൂർത്തിയായത്. 24 മണിക്കൂറിൽ 1.4602 മില്ലിസെക്കൻഡാണ് ആ ദിവസം ഉണ്ടായ കുറവ്.
പുതിയ കണ്ടുപിടിത്തം കൂടി പരിഗണിച്ചാണോ എന്ന് വ്യക്തമല്ലെങ്കിലും 2020 ഡിസംബറിൽ ലോകത്തിന്റെ ഔദ്യോഗിക സമയം കൃത്യമാക്കുന്നതിന് ‘ലീപ് സെക്കൻഡ്’ അധികമായി ചേർക്കേണ്ടതില്ലെന്ന് ഇൻറർനാഷനൽ എർത്ത് റൊട്ടേഷൻ ആൻറ് റഫറൻസ് സിസ്റ്റംസ് സർവീസ് (ഐ.ഇ.ആർ.എസ്) തീരുമാനിച്ചിരുന്നു. ലീപ് വർഷം പോലെ സമയം കൃത്യമായി സൂക്ഷിക്കാനായി ഏർപെടുത്തിയതാണ് ലീപ് സെക്കൻഡും. 2015ൽ നടത്തിയ പഠന പ്രകാരം ആഗോള താപനം ഭൂമിയുടെ കറക്കത്തിന് വേഗം കൂട്ടിയേക്കാമെന്ന് സൂചന നൽകിയിരുന്നു. ഹിമാനികൾ അഥവാ ഗ്ലേഷ്യറുകൾ ഉരുകി ജലമായി കടലിലെത്തുന്നത് ഭൂമിയുടെ കറക്കം വേഗത്തിലാക്കുമെന്ന് സയൻസ് അഡ്വാന്സസ് പ്രസിദ്ധീകരിച്ച ലേഖനത്തിലും പറയുന്നുണ്ട്.
24 മണിക്കൂറിൽ ശരാശരി അര സെക്കൻഡ് കുറവാണ് പുതുതായി സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നാണ് ശാസ്ത്രജ്ഞരുടെ വിശദീകരണം. പുതിയ കണ്ടുപിടിത്തം ശാസ്ത്ര ലോകത്ത് സമയം ക്രമീകരിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾക്കും തുടക്കമിട്ടിട്ടുണ്ട്. 1960കൾക്കു ശേഷം ഏറ്റവും വേഗമുള്ള 28 ദിനങ്ങൾ ഉണ്ടായത് 2020ലാണ്.