നെയ്‌റോബി: ആഫ്രിക്കന്‍ ഭൂഖണ്ഡം രണ്ടായി പിളരുന്നു എന്ന തരത്തില്‍ പുറത്ത് വന്ന വാര്‍ത്തകള്‍ നിഷേധിച്ച് ജിയോളജിക്കല്‍ സൊസൈറ്റി ഓഫ് കെനിയ. ഭൂമിക്കടിയിലിലെ അഗ്‌നിപര്‍വ്വതങ്ങളുടെ പ്രവര്‍ത്തന ഫലമായാണ് ഭൂമിയില്‍ ഇത്തരത്തില്‍ വിള്ളല്‍ ഉണ്ടാകുന്നതെന്നും ഇത് ഭീകരമായി തോന്നാന്‍ കാരണം മഴയാണെന്നുമാണ് ജിയോളജിക്കല്‍ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്.
തിരക്കേറിയ കെനിയയിലെ മായ്മാഹിയു നരോക് ദേശീയ പാതയെ കീറിമുറിച്ചു കൊണ്ട് 700 മീറ്റര്‍ നീളത്തില്‍ 50 അടി ആഴത്തില്‍ 20 മീറ്റര്‍ വീതിയില്‍ വലിയ വിള്ളല്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് ഭൂഖണ്ഡ വിഭജിക്കുന്നതായി വാര്‍ത്തകളില്‍ നിറഞ്ഞത്.
എന്നാല്‍ ഭൂമിക്കടയിലിലെ അഗ്‌നിപര്‍വ്വതങ്ങളുടെ പ്രവര്‍ത്തന ഫലമായാണ് ഈ വിള്ളല്‍ പ്രത്യേക്ഷപ്പെടുന്നത് എന്ന് ഭൗമശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നു. ഈ വേര്‍പെടല്‍ പൂര്‍ത്തിയാകുമ്പോള്‍ സൊമാലിയ, എത്തോപ്യ, കെനിയ, താന്‍സാനിയ തുടങ്ങിയ രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന ഭാഗം ഒരു പുതിയ ഭൂഖണ്ഡമായി മാറുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ആഫ്രിക്ക ഇത്തരത്തില്‍ രണ്ടുഭാഗങ്ങളായി പിളര്‍ന്നു മാറുന്നതിന് ദശലക്ഷക്കണക്കിന് വര്‍ഷങ്ങളാണ് വേണ്ടിവരികയെന്നും പുതിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. വിള്ളലിനെ തുടര്‍ന്ന് ജനങ്ങള്‍ സുരക്ഷിത കേന്ദ്രങ്ങളിലേയ്ക്കു മാറി താമസിക്കാന്‍ തുടങ്ങി.