ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ വീണ്ടും ശക്തമായ ഭൂചലനം ഉണ്ടായി. റിക്ടര്‍ സ്‌കെയിലില്‍ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഇവിടുത്തെ ടെംഗാരയില്‍ ഉണ്ടായത്.
സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്നാണ് വിവരം.
അതേസമയം, ഇന്തോനേഷ്യയിലെ വിനോദസഞ്ചാര മേഖലകളായ ബാലി, ലോംബോക്ക് ദ്വീപുകളിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 91 ആയി ഉയര്‍ന്നിരുന്നു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. ആയിരങ്ങളെ സ്ഥലത്തു നിന്നും ഒഴിപ്പിച്ചിട്ടുണ്ട്. കെട്ടിടങ്ങളും വാഹനങ്ങളും വ്യാപകമായി തകര്‍ന്നു. ഭൂകമ്പ മാപിനിയില്‍ 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഇതേത്തുടര്‍ന്ന് സുനാമി മുന്നറിയിപ്പു പുറപ്പെടുവിച്ചെങ്കിലും പിന്നീട് പിന്‍വലിച്ചിരുന്നു.
ലോംബോക്കില്‍ പല സ്ഥലങ്ങളിലും വൈദ്യുതി ബന്ധം തകരാറിലായിട്ടുണ്ട്. സൈനികരുടെ നേതൃത്വത്തില്‍ മെഡിക്കല്‍ ടീമും , രക്ഷാപ്രവര്‍ത്തനവും ദ്രുതഗതിയില്‍ നടക്കുന്നുണ്ട്. മരിച്ചവരില്‍ വിദേശികളാരും ഉള്‍പ്പെട്ടിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. 209 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് ബി എന്‍ പി ബി വക്താവ് സുതോപോ പര്‍വ്വോ നഗ്റൂഹോ വാര്‍ത്ത സമ്മേളനത്തില്‍ വക്തമാക്കി.
ഇന്തോനേഷ്യയില്‍ സാധാരണയായി ഭൂചലനങ്ങള്‍ ഉണ്ടാകാറുണ്ട്. 2004 ല്‍ ഇന്ത്യന്‍ സമുദ്രത്തിലുണ്ടായ സുനാമിയില്‍ 13 രാജ്യങ്ങളില്‍ നിന്നായി 22,6000 പേരാണ് കൊല്ലപ്പെട്ടത്. സുനാമിയില്‍ 120,000 പേരാണ് ഇന്തോനേഷ്യയില്‍ കൊല്ലപ്പെട്ടത്.
ലോംബോക്കിലേ പ്രധാനപ്പെട്ട നഗരമായ മാതാറത്തിലേക്കുള്ള വിദേശ സഞ്ചാരികളുടെ ഒഴുക്ക് കുറഞ്ഞിട്ടുണ്ട്. ലോംബോക്കില്‍ നിന്ന് വിദേശ സഞ്ചാരികള്‍ക്ക് വേണ്ടി കൂടുതല്‍ വിമാനങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ടെന്ന് ഗരുഡ ഇന്തോനേഷ്യ പറഞ്ഞു.