ക്വിറ്റോ: ഇക്വഡോറിനെ ദുരന്തഭൂമിയാക്കിയ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 413 ആയി ഉയര്‍ന്നതായി ഇക്വഡോര്‍ സര്‍ക്കാര്‍ അറിയിച്ചു. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
പ്രസിഡന്റ് റാഫേല്‍ കൊറയ ദുരന്തബാധിത പട്ടണമായ പോര്‍ട്ടോവിയെജെ സന്ദര്‍ശിച്ചിരുന്നു. ഭൂകമ്പത്തില്‍ 2,500 പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്. ശനിയാഴ്ച 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ തകര്‍ന്ന കെട്ടിടങ്ങള്‍ക്കടിയില്‍ നിരവധി പേര്‍ കുടുങ്ങിയിട്ടുണ്ടെന്നാണു കരുതുന്നത്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.
പ്ലായ പ്രിയെറ്റാ തീരദേശപട്ടണത്തില്‍ തകര്‍ന്ന സ്‌കൂള്‍ കെട്ടിടത്തില്‍നിന്ന് അയര്‍ലന്‍ഡുകാരിയായ മിഷനറി സിസ്റ്റര്‍ ക്ലാരാ തെരേസ ക്രോക്കറ്റിന്റെയും മറ്റ് അഞ്ചു പെണ്‍കുട്ടികളുടെയും മൃതദേഹങ്ങള്‍ തിങ്കളാഴ്ച കണ്ടെടുത്തു. പസഫിക് തീരത്തെ വിവിധ പ്രദേശങ്ങളില്‍ കനത്ത നാശം നേരിട്ടു. പാലങ്ങളും കെട്ടിടങ്ങളും തകര്‍ന്നിരുന്നു. പുനര്‍നിര്‍മാണത്തിനു കോടിക്കണക്കിനു ഡോളര്‍ വേണ്ടിവരുമെന്നാണ് കണക്കുകൂട്ടല്‍.