ഡല്‍ഹി : രാജ്യത്തെ ഏറ്റവും മികച്ച ബിസിനസ്സ് സൗഹൃദാന്തരീക്ഷ സംസ്ഥാനങ്ങളുടെ പട്ടികയില്‍ ആന്ധ്രാ പ്രദേശും, തെലങ്കാനയും മുന്നില്‍.
ലോകബാങ്കും, വ്യവസായ നയ പ്രോത്സാഹന വിഭാഗവും സംയുക്തമായി നടത്തിയ അവലോകനത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനങ്ങളുടെ ബിസിനസ്സ് സൗഹൃദാന്തരീക്ഷ പട്ടിക തയ്യാറാക്കിയത്.
കേന്ദ്രവാണിജ്യമന്ത്രി നിര്‍മ്മല സീതാരാമനാണ് പട്ടിക പുറത്തുവിട്ടത്. കേരളം ഉള്‍പ്പെടെയുളള ചില സംസ്ഥാനങ്ങള്‍ നിര്‍വഹണരംഗത്ത് മോശം പ്രകടനമാണ് കാഴ്ച വെച്ചതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
പരിഷ്‌ക്കരണരംഗത്തെ 340 കര്‍മ്മ പദ്ധതികള്‍ പരിശോധിച്ചാണ് പട്ടിക തയ്യാറാക്കിയത്. 2015 ജൂലായ് മുതല്‍ 2016 ജൂണ്‍ വരെയുളള കാലയളവാണ് പരിഗണിച്ചത്.
പരിഷ്‌ക്കരണ നിര്‍വഹണരംഗത്ത് 98.78 ശതമാനം നേട്ടത്തോടെയാണ് ആന്ധ്രാപ്രദേശും, തെലങ്കാനയും ഒന്നാം സ്ഥാനത്ത് എത്തിയത്. പുതിയ സംസ്ഥാനങ്ങളായ ഇവയുടെ പ്രകടനം പ്രത്യേകം ശ്രദ്ധ ആകര്‍ഷിക്കുന്നതാണ്.
അതേസമയം ഒന്നാംസ്ഥാനം നിലനിര്‍ത്തിയിരുന്ന ഗുജറാത്ത് മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തളളപ്പെട്ടതാണ് മറ്റൊരു വസ്തുത.നിര്‍വഹണരംഗത്ത് 98.21 ശതമാനത്തോടെയാണ് ഗുജറാത്ത് മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തളളപ്പെട്ടത്.
ബിജെപി ഭരിക്കുന്ന ചത്തീസ്ഗഡ്, മധ്യപ്രദേശ് സംസ്ഥാനങ്ങളാണ് തൊട്ടുപിന്നില്‍. മറ്റ് ബിജെപി സംസ്ഥാനങ്ങളായ ഹരിയാനയും, ജാര്‍ഖണ്ഡും, രാജസ്ഥാനും ആദ്യപത്ത് സ്ഥാനങ്ങളില്‍ ഇടംപിടിച്ചു.
പരിഷ്‌ക്കരണ നിര്‍വഹണരംഗത്ത് രാജ്യത്തിന്റെ ശരാശരി 48.93 ശതമാനമാണ്. അതേസമയം കേരളം പോലുളള സംസ്ഥാനങ്ങള്‍ പട്ടികയില്‍ താഴെയാണ്.
കേരളത്തിന് പുറമേ ഗോവ, ത്രിപുര, ആസാം, നാഗാലാന്‍ഡ്, മണിപ്പൂര്‍, അരുണാചല്‍ പ്രദേശ്, ജമ്മുകശ്മീര്‍ എന്നി സംസ്ഥാനങ്ങള്‍ നിര്‍വഹണരംഗത്ത് 40 ശതമാനത്തില്‍ താഴെയാണ്.
കാര്‍ഷികരംഗത്തെ പരിഷ്‌ക്കരണ നടപടികളുടെ യാഥാര്‍ത്ഥ്യം ചെയ്യാന്‍ പ്രത്യേക സൂചികയ്ക്ക് രൂപം നല്‍കുമെന്നും വാണിജ്യമന്ത്രി നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞു.