അമിത് ഷായുടെ റാലിക്കു പിന്നാലെ ബംഗാളില്‍ ബി.ജെ.പി -തൃണമൂല്‍ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം

കൊല്‍ക്കത്ത: ബംഗാളിലെ കിഴക്കന്‍ മിഡ്‌നാപുരില്‍ ബി.ജെ.പി തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുടെ റാലിക്ക് ശേഷമാണ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായത്.

അമിത് ഷായുടെ റാലിക്കായി എത്തിയ ആയിരക്കണക്കിന് ബി.ജെ.പി പ്രവര്‍ത്തകരും തൃണമൂല്‍ കോണ്‍ഗ്രസിന്റെ ബൈക്ക് റാലിക്കെത്തിയ പ്രവര്‍ത്തകരും തമ്മിലാണ് ഏറ്റുമുട്ടിയത്. ഇരു കട്ടരും തമ്മില്‍ വലിയ കല്ലേറും നടന്നു.

അമിത് ഷായുടെ റാലി നടന്ന ഇടത്തേക്ക് തൃണമൂല്‍ പ്രവര്‍ത്തകര്‍ ബൈക്ക് റാലി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ റാലി കഴിഞ്ഞ് ബി.ജെ.പി പ്രവര്‍ത്തകര്‍ ബസില്‍ മടങ്ങാന്‍ തുടങ്ങവെ ഉണ്ടായ ട്രാഫിക്ക് ബ്ലോക്ക് കാരണം ബൈക്ക് റാലി തടസ്സപ്പെടുകയായിരുന്നു.

കൂടാതെ ത്രിണമൂല്‍ ഓഫീസ് അക്രമിക്കപ്പെട്ടതും പ്രകോപനത്തിന് കാരണമായി. ബി.ജെ.പി പ്രവര്‍ത്തകരാണ് ഓഫീസ് അക്രമിച്ചതെന്ന് തൃണമൂല്‍ ആരോപിച്ചു. ബി.ജെ.പി പ്രവര്‍ത്തകര്‍ എത്തിയ ബസ്സുകളും അക്രമിക്കപ്പെട്ടു. ഈ പ്രദേശങ്ങളില്‍ പലയിടത്തും ഇപ്പോഴും സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. പ്രദേശത്ത് ഇപ്പോള്‍ ദ്രുതകര്‍മ്മ സേനയെ വിന്യസിച്ചിരിക്കുകയാണ്.

Top