യേശുദേവന്‍ കുരിശിലേറിയ മൂന്നാം നാള്‍ ഉയര്‍ത്തെഴുന്നേറ്റതിന്റെ ഓര്‍മ്മ പുതുക്കി ക്രൈസ്തവ വിശ്വാസികള്‍ ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുന്നു. അർധരാത്രി മുതൽ ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകൾ നടന്നു. ലോകത്തിന്റെ പാപങ്ങൾ ചുമലിലേറ്റി കുരിശിൽ തറയ്ക്കപ്പെട്ട യേശുദേവൻ മൂന്നാം നാൾ ഉയർത്തെഴുന്നേറ്റത്തിന്റെ സ്മരണയ്ക്കായാണ് വിശ്വാസികൾ ഈസ്റ്റർ ആഘോഷിക്കുന്നത്.
തിരുവനന്തപുരം സെന്റ് ജോസഫ് കത്തീഡ്രലിലെ ഉയിർപ്പിന്റെ ശുശ്രൂഷക്ക് ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് എം സൂസെപാക്യം മുഖ്യ കാര്‍മികത്വം വഹിച്ചു. കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലിമ്മിസ് കത്തോലിക ബാവയാണ് പട്ടം സെന്റ് മേരീസ് കത്തീഡ്രലിലെ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കിയത്.
എറണാകുളം സെന്റ്. മേരീസ് ബസേലിക്കയിൽ നടന്ന ചടങ്ങുകൾക്ക് മാർ ജോസ് പുത്തൻ വീട്ടില്‍ മുഖ്യ കാർമികത്വം വഹിച്ചു. ഉയിർപ്പിന്റെ ശുശ്രൂഷകൾക്കും തിരുകർമ്മങ്ങൾക്കും ശേഷം മാർ ജോസ് പുത്തൻവീട്ടിൽ വിശ്വാസികൾക്ക് ഉയിർപ്പ് പെരുന്നാളിന്റെ സന്ദേശം നൽകി. തുടർന്ന് വിശുദ്ധ കുർബാനയും പുലരും വരെ പ്രാർത്ഥന ചടങ്ങുകളും നടന്നു.
ദില്ലി ഗുഡ് ഹാര്‍ട്ട് ദേവാലയത്തിൽ നടന്ന ചടങ്ങുകളിൽ നിരവധി മലയാളികൾ പങ്കെടുത്തു. ദോഹ ഓർത്തോക്സ് പള്ളിയിൽ ഈസ്റ്റർ ശുശ്രൂഷകൾക്ക് ബസേലിയോസ് പൗലോസ് ദ്വിതിയൻ കാത്തോലിക്കാ ബാവയാണ് നേതൃത്വം നൽകിയത്.