എബോള വൈറസ് ഭീതിയില്‍ വീണ്ടും കോംഗോ; ഒരാള്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു

കിന്‍ഷസ:എബോള വൈറസ് ഭീതിയില്‍ വീണ്ടും കോംഗോ. ഒരാളില്‍ കൂടി ഏബോള സ്ഥിരീകരിച്ചു. കോംഗോയുടെ കിഴക്കന്‍ നഗരമായ ഗോമയിലാണ് എബോള റിപ്പോര്‍ട്ട് ചെയ്തത്. ഒരു വയസ് മാത്രം പ്രായമുള്ള പെണ്‍ കുഞ്ഞിനാണ് ഇന്നലെ എബോള സ്ഥിരീകരിച്ചത്. നേരത്തെ മരണപ്പെട്ട സ്ത്രീയുടെ കുഞ്ഞാണ് ഇത്. കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്.

ലോകാരോഗ്യ സംഘടനയുടെ നിര്‍ദ്ദേശപ്രകാരം എബോള വൈറസ് പടരുന്നത് തടയുന്നതിനായി അയല്‍ രാജ്യമായ റുവാണ്ട കോംഗോയുമായുള്ള അതിര്‍ത്തി അടച്ചു.

എബോള പകര്‍ച്ച വ്യാധി വീണ്ടും പടരാന്‍ തുടങ്ങിയതിനെ തുടര്‍ന്ന് ലോകാരോഗ്യ സംഘടന രാജ്യാന്തര തലത്തില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ഇതര രാജ്യങ്ങളിലേക്ക് ഏതു നിമിഷവും രോഗം പടരാമെന്ന് കണ്ടതിനെ തുടര്‍ന്നായിരുന്നു പ്രഖ്യാപനം. തുടര്‍ന്നു റുവാന്‍ഡ,സൗത്ത് സുഡാന്‍, ഉഗാണ്ട തുടങ്ങിയ രാജ്യങ്ങള്‍ക്കും ജാഗ്രതനിര്‍ദ്ദേശവും നല്‍കിയിരുന്നു.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കോംഗോയില്‍ എബോള മൂലം 1700 പേര്‍ മരിച്ചുവെന്നാണ് കണക്ക്. 2014-15 വര്‍ഷം പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ എബോള ബാധയെ തുടര്‍ന്ന് പതിനായിരത്തിലധികം പേര്‍ കൊല്ലപ്പെട്ടിരുന്നു.

Top