പാലാരിവട്ടം ഫ്‌ളൈഓവര്‍, മലയാളികള്‍ക്ക് മാനക്കേടായി റോഡിന് നടുവില്‍ ഉയര്‍ന്ന് നില്‍ക്കുകയാണ്. യാത്ര എളുപ്പമാക്കാന്‍ നിര്‍മ്മിച്ച മേല്‍പ്പാലം അഴിമതിയുടെ കൂത്തരങ്ങായപ്പോള്‍ ഗതാഗതത്തിന് കൂടുതല്‍ തടസ്സം സൃഷ്ടിക്കുകയാണ് ചെയ്തത്. എന്തായാലും പാലാരിവട്ടം ഫ്‌ളൈഓവര്‍ കേസില്‍ പ്രതിപ്പട്ടികയില്‍ ചേര്‍ത്തതോടെ മുന്‍ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞ് മുന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് ഒരു പൊന്‍തൂവല്‍ കൂടിയാണ് സമ്മാനിച്ചത്.
വിജിലന്‍സ് & ആന്റികറപ്ഷന്‍ ബ്യൂറോയുടെ അഴിമതി കേസുകളില്‍ അന്വേഷണം നേരിടുന്ന മുന്‍ യുഡിഎഫ് സര്‍ക്കാരിലെ 12ാമത്തെ മന്ത്രിയാണ് ഇബ്രാഹിം കുഞ്ഞ്. വിജിലന്‍സ് അന്വേഷണം നേരിടാന്‍ തയ്യാറാണെന്നാണ് മുന്‍ മന്ത്രിയുടെ ഇപ്പോഴത്തെ പ്രതികരണം. മുന്‍ യുഡിഎഫ് സര്‍ക്കാരില്‍ വിജിലന്‍സ് അന്വേഷണം നേരിട്ട മറ്റ് പതിനൊന്ന് പേര്‍ കൂടിയുണ്ട്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മുന്‍ എക്‌സൈസ് മന്ത്രി കെ ബാബു, മുന്‍ റവന്യൂ മന്ത്രി അടൂര്‍ പ്രകാശ്, മുന്‍ വ്യവസായ മകുപ്പ് മന്ത്രി പികെ കുഞ്ഞാലിക്കുട്ടി, മുന്‍ ജലവിഭവ മന്ത്രി കെജെ ജോസഫ്, മുന്‍ സിവില്‍ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബ്, മുന്‍ കൃഷിമന്ത്രി കെപി മോഹനന്‍, മുന്‍ ആരോഗ്യമന്ത്രി വിഎസ് ശിവകുമാര്‍, മുന്‍ സഹകരണ മന്ത്രി അന്തരിച്ച സിഎന്‍ ബാലകൃഷ്ണന്‍ കൂടാതെ മുന്‍ ധനകാര്യ മന്ത്രി അന്തരിച്ച കെഎം മാണി എന്നിവരാണ് ഇവര്‍.
എന്നാല്‍ ഇതുവരെ ഒരൊറ്റ കേസില്‍ മാത്രമാണ് വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചത്. ഇത് കെ ബാബുവിന് എതിരെയാണ്. മറ്റ് മൂന്ന് കേസുകള്‍ ഇപ്പോഴും അന്വേഷണ ഘട്ടത്തിലാണുള്ളത്. മൂന്ന് കേസുകള്‍ കേരള ഹൈക്കോടതി റദ്ദാക്കി. രണ്ട് കേസുകള്‍ തെളിവുകളുടെ അഭാവത്തില്‍ വിജിലന്‍സ് അവസാനിപ്പിച്ചിരുന്നു. അനധികൃത സ്വത്ത് സമ്പാദനം, ബാര്‍ ലൈസന്‍സ് അഴിമതി എന്നിവയാണ് കെ ബാബുവിന് എതിരായ കേസുകള്‍.
ഇതില്‍ അനധികൃത സ്വത്ത് സമ്പാദന കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും, ബാര്‍ ലൈസന്‍സ് കേസ് ഇപ്പോഴും അന്വേഷണ ഘട്ടത്തില്‍ തന്നെയാണ്. പട്ടൂര്‍ അപ്പാര്‍ട്ട്‌മെന്റ് നിര്‍മ്മാണ അഴിമതിയില്‍ ഉമ്മന്‍ചാണ്ടിക്ക് എതിരായ കേസ് ഹൈക്കോടതി നിര്‍ദ്ദേശപ്രകാരമാണ് അവസാനിപ്പിച്ചത്. എറണാകുളത്തും, തൃശ്ശൂരും ഐടി പാര്‍ക്കുകള്‍ക്ക് 127 ഏക്കര്‍ അനുവദിച്ചതുമായി ബന്ധപ്പെട്ടാണ് അടൂര്‍ പ്രകാശിനും, കുഞ്ഞാലിക്കുട്ടിക്കും എതിരായ കേസ്. ഇത് ഇപ്പോഴും അന്വേഷണത്തിലാണ്.
ജോസഫിന് എതിരെ രണ്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തതെങ്കിലും ഇതില്‍ അദ്ദേഹം കുറ്റവിമുക്തനാക്കപ്പെട്ടു. ശിവകുമാറിന് എതിരെ അനധികൃത സ്വത്ത് സമ്പാദന കേസില്‍ ഈ വര്‍ഷമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മാണിക്കും, ബാലകൃഷ്ണനും എതിരായ കേസുകള്‍ ഇവരുടെ മരണത്തോടെ അവസാനിക്കുകയും ചെയ്തു.
l