ചെന്നൈ: ആര്‍കെ നഗര്‍ ഉപതിരഞ്ഞെടുപ്പ് റദ്ദാക്കിയ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടിയെ ‘ജനാധിപത്യ വിരുദ്ധം’ മെന്ന് അണ്ണാ ഡിഎംകെയിലെ ശശികല പക്ഷം .
താന്‍ ജയിക്കരുതെന്നുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ ആഗ്രഹമാണ് തിരഞ്ഞെടുപ്പ് റദ്ദാക്കാന്‍ കാരണമെന്ന് ശശികല പക്ഷത്തിന്റെ സ്ഥാനാര്‍ഥിയായ ടി.ടി.വി. ദിനകരന്‍ ആരോപിച്ചു. വോട്ടര്‍മാരെ സ്വാധീനിക്കാന്‍ വന്‍തോതില്‍ പണമൊഴുക്കിയെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് ആര്‍കെ നഗറിലെ ഉപതിരഞ്ഞെടുപ്പ് കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന്‍ റദ്ദാക്കിയത്.
തിരഞ്ഞെടുപ്പ് മാറ്റിവച്ച കമ്മിഷന്റെ നടപടി തെറ്റാണ്. എന്തുകൊണ്ടാണ് അവര്‍ ഇങ്ങനെ ചെയ്തതെന്ന് അറിയില്ല. ഞാന്‍ തിരഞ്ഞെടുക്കപ്പെടുന്നതില്‍ താല്‍പര്യക്കുറവ് ഉള്ളതുകൊണ്ടാകാം അവര്‍ തിരഞ്ഞെടുപ്പ് നീട്ടിവച്ചതെന്നു ദിനകരന്‍ പറഞ്ഞു.
തങ്ങള്‍ പണം വിതരണം ചെയ്തിട്ടില്ലെന്നും പുറത്തുവന്ന രേഖകള്‍ക്ക് ആധികാരികതയില്ലെന്നും ദിനകരന്‍ നേരത്തെ പറഞ്ഞിരുന്നു. അതേസമയം, അണ്ണാ ഡിഎംകെയിലെ തന്നെ ഒ.പനീര്‍സെല്‍വം വിഭാഗവും തമിഴ്‌നാട്ടിലെ ബിജെപി നേതൃത്വവും തിരഞ്ഞെടുപ്പ് നീട്ടിവച്ച നടപടിയെ സ്വാഗതം ചെയ്തു.
ഇന്നലെ രാത്രി ഡല്‍ഹിയില്‍ ചേര്‍ന്ന അടിയന്തര യോഗത്തിനു ശേഷമാണ് തിരഞ്ഞെടുപ്പ നീട്ടികൊണ്ടുള്ള ഉത്തരവിറക്കിയത്. പുതിയ തീയതി പ്രഖ്യാപിച്ചിട്ടില്ല.