‘റേപ്പ് ഇന്‍ ഇന്ത്യ’പരാമര്‍ശം സ്മൃതി ഇറാനിയുടെ പരാതിയില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ ‘റേപ്പ് ഇന്‍ ഇന്ത്യ’പരാമര്‍ശത്തിനെതിരെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി നല്‍കിയ പരാതിയില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍, ജാര്‍ഖണ്ഡ് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറോട് റിപ്പോര്‍ട്ട് തേടി.

ജാര്‍ഖണ്ഡിലെ ഗോഡ്ഡയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിക്കിടെയാണ് രാഹുല്‍ ‘റേപ്പ് ഇന്‍ ഇന്ത്യ’ പരാമര്‍ശം നടത്തിയത്. തുടര്‍ന്നാണ് സ്മൃതി ഇറാനി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്. ഇതിനു പിന്നാലെയാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ജാര്‍ഖണ്ഡ് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറോട് പ്രതികരണം ആരാഞ്ഞത്.

രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തിനെതിരെ പാര്‍ലമെന്‍റിലും രാജ്യസഭയിലും ബിജെപി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്നും പ്രസ്താവന പിന്‍വലിക്കണമെന്നും കേന്ദ്രമന്ത്രി സ്മൃതി ഇറാനി ആവശ്യപ്പെട്ടു. എന്നാല്‍, മേക്ക് ഇന്‍ ഇന്ത്യ എന്ന് മോദി പറയുമ്പോള്‍ റേപ് ഇന്‍ ഇന്ത്യയാണ് നടക്കുന്നതെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിശദീകരണം.മാപ്പ് പറയാന്‍ തന്‍റെ പേര് രാഹുല്‍ സവര്‍ക്കറല്ലെന്നും രാഹുല്‍ ഗാന്ധിയാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Top