ചെന്നൈ: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ അതുമായി ബന്ധപ്പെട്ട പണമൊഴുക്ക് നിയന്ത്രിക്കാന്‍ അഭിപ്രായങ്ങള്‍ ആവശ്യപ്പെട്ട് കേന്ദ്ര ഇലക്ഷന്‍ കമ്മീഷന്‍ റിസര്‍വ് ബാങ്കിനെ സമീപിക്കാനൊരുങ്ങുന്നു. തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ രാജ്യത്തെ പണമൊഴുക്ക് 60,000 കോടിയിലേക്കുയര്‍ന്നിട്ടുണ്ടെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് ഇങ്ങനെയൊരു നീക്കം.
പണമൊഴുക്ക് നിയന്ത്രിക്കാനുള്ള അഭിപ്രായങ്ങള്‍ ആര്‍.ബി.ഐയുമായി ആരാഞ്ഞ് വരികയാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നസീം സെയ്ദി ഇന്നലെ ചെന്നൈയില്‍ പറഞ്ഞു. ഇതാദ്യമായാണ് തിരഞ്ഞെടുപ്പ് വേളയില്‍ അധികമായി ഒഴുകുന്ന പണത്തിന്റെ അളവ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ തിട്ടപ്പെടുത്തുന്നത്. പ്രചാരണത്തിനായി രാഷ്ട്രീയ പാര്‍ട്ടികള്‍ അനുവദനീയമായതില്‍ അധികം തുക ചെലവഴിക്കുന്നു എന്ന ആരോപണത്തെ ഇത് ശക്തിപ്പെടുത്തുകയും ചെയ്യും.
കണക്കില്‍ പെടാത്ത 12 കോടിയോളം രൂപ തമിഴ്‌നാട്ടില്‍ നിന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ പിടിച്ചെടുത്തിരുന്നു. പണം നല്‍കി വോട്ട് ചെയ്യുന്നത് തടയാനും തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷിക്കാനും കമ്മീഷന്‍ ഉന്നതതല ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മെയ് 16നാണ് കേരളത്തില്‍ വോട്ടെടുപ്പ്. 19 ന് ഫലം പ്രഖ്യാപിക്കും.