ന്യൂഡല്‍ഹി: 2000 രൂപയ്ക്കു മുകളിലുള്ള അജ്ഞാത സംഭാവനകള്‍ സ്വീകരിക്കുന്നതില്‍നിന്നു രാഷ്ട്രീയ പാര്‍ട്ടികളെ തടയണമെന്നു തിരഞ്ഞെടുപ്പ് കമ്മിഷന്‍.
തിരഞ്ഞെടുപ്പുകളില്‍ കള്ളപ്പണത്തിന്റെ ഒഴുക്ക് തടയുന്നതു ലക്ഷ്യമിട്ടാണ് 2000നു മുകളിലുള്ള സംഭാവനകള്‍ തടയുന്ന രീതിയില്‍ നിയമം ഭേദഗതി ചെയ്യണമെന്ന് കേന്ദ്രസര്‍ക്കാരിനോട് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
സംഭാവനകള്‍ സ്വീകരിക്കുന്നതില്‍നിന്നു പൂര്‍ണമായും പാര്‍ട്ടികളെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ തടയുന്നില്ല. വലുതും ചെറുതുമായ അജ്ഞാത സംഭാവനകളെയാണ് കമ്മിഷന്‍ ലക്ഷ്യമിടുന്നത്.
നിലവില്‍ 20000നു മുകളിലുള്ള സംഭാവനകള്‍ക്കായിരുന്നു ഉറവിടം വെളിപ്പെടുത്തേണ്ടിയിരുന്നത്. തിരഞ്ഞെടുപ്പ് കമ്മിഷന്‍ കേന്ദ്രത്തിനു കൈമാറിയിരിക്കുന്ന നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കുമോ എന്നു വ്യക്തമല്ല.
നേരത്തെ, നിരോധിച്ച നോട്ടുകള്‍ സംഭാവനയായി സ്വീകരിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ഇത്തരം പണത്തിന്റെ ഉറവിടം കാണിക്കേണ്ടന്നും നിര്‍ദേശമുണ്ട്.