വയനാട്: പരിസ്ഥിതി ലോല വിജ്ഞാപനത്തിനെതിരെ വയനാട് ജില്ല പഞ്ചായത്ത് പ്രമേയം പാസാക്കി. പ്രമേയത്തിന്റെ പകര്‍പ്പ് വനം പരിസ്ഥിതി മന്ത്രാലയത്തിന് അയച്ചു കൊടുക്കും. ഗ്രാമസഭകളില്‍ കരട് പിന്‍വലിക്കണമെന്ന പ്രമേയം അവതരിപ്പിക്കും. മാസ് മെയ്‌ലിംഗിനും ജില്ലാ പഞ്ചായത്ത് തുടക്കം കുറിയ്ക്കും.
വയനാട് വന്യജീവിസങ്കേതത്തിന് ചുറ്റുമുള്ള മൂന്നരകിലോമീറ്റര്‍ പരിധിയെ പരിസ്ഥിതി ലോല പ്രദേശമാക്കാനുള്ളതാണ് കേന്ദ്രത്തിന്റെ കരട് വിജ്ഞാപനം. ഇതിനെതിരെ നാളെ ഇടതുമുന്നണി വയനാട്ടില്‍ വഴിതടയല്‍ സമരം നടത്തും. ബത്തേരി മാനന്തവാടി കല്ലൂര്‍ കാട്ടിക്കുളം എന്നിവിടങ്ങളിലാണ് വഴി തടയുക. 11 മണി മുതല്‍ 12 മണി വരെയാണ് വഴിതടയല്‍ സമരം.
കരട് വിജ്ഞാപനത്തിനെതിരെ തിങ്കളാഴ്ച യുഡിഎഫ് ഹര്‍ത്താല്‍ നടത്തും. കരടു വിജ്ഞാപനം തന്നെ നിയമപരമായി ചോദ്യം ചെയ്യാനുള്ള സാധ്യതകളെ കുറിച്ച് അന്വേഷിക്കുമെന്ന് യുഡിഎഫ് ചെയര്‍മാന്‍ പി പി എ കരീം വ്യക്തമാക്കി. കരട് വിജ്ഞാപനം പിന്‍വലിച്ചില്ലെങ്കില്‍ തെരുവിലിറങ്ങുമെന്ന ബത്തേരി രൂപതയുടെ മുന്നറിയിപ്പിന് പിന്നാലെയാണ് ഇരു മുന്നണികളും യോഗം ചേര്‍ന്ന് പ്രതിഷേധം കടുപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.