ന്യൂഡല്‍ഹി: ഇകൊമേഴ്‌സ് സ്ഥാപനങ്ങള്‍ നല്‍കുന്ന വന്‍ വിലക്കിഴിവിന് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. ഫ്‌ളിപ്കാര്‍ട്ട്, ആമസോണ്‍ ഉള്‍പ്പെടെയുള്ള കമ്പനികളുടെ വിലക്കിഴിവ് വില്‍പ്പനയെ നിയന്ത്രിക്കുകയാണ് ലക്ഷ്യം. ഇതുസംബന്ധിച്ച് കരട് പോളിസി വിലയിരുത്തുന്നതിനായി സര്‍ക്കാര്‍ വിതരണം ചെയ്തു കഴിഞ്ഞു.
ഇ- കൊമേഴ്‌സ് മേഖലയ്ക്കാകെ പുതിയ നിയമമാണ് തയ്യാറാകുന്നത്. 49 ശതമാനം വിദേശ നിക്ഷേപം അനുവദിക്കാമെന്നും അതേസമയം, ഇത്തരം സൈറ്റുകള്‍ വഴി വില്ക്കുന്നത് ഇന്ത്യയില്‍ നിര്‍മിച്ചവയാകണമെന്നും കരട് നയം മുന്നോട്ടുവെയ്ക്കുന്നു. ഉപഭോക്താക്കളുടെ പരാതികള്‍ പരിഹരിക്കുന്നതിനും അവസരമുണ്ടാകും. സോഫ്റ്റ്ബാങ്ക്, ആലിബാബ, വാള്‍മാര്‍ട്ട്, ടൈഗര്‍ ഗ്ലോബല്‍ തുടങ്ങിയ ആഗോള ഭീമന്മാര്‍ രാജ്യത്തെ ഇകൊമേഴ്‌സ് മേഖലയെ ലക്ഷ്യമിട്ടതോടെയാണ് നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്.