ന്യൂഡല്‍ഹി: രാജ്യത്തെ കുടിയേറ്റ തൊഴിലാളികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ കണ്ടെത്തി പരിഹരിക്കണമെന്ന് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഗ്രീന്‍ സോണുകളില്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കണമെന്നും ഇന്ന് ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടു.
ലോക്ക്ഡൗണിലൂടെ കൊറോണ വ്യാപനം തത്കാലികമായി തടയാന്‍ മാത്രമെ കഴിയൂ എന്നും അടുത്ത ഘട്ടത്തില്‍ ലോക്ക്ഡൗണ്‍ ഹോട്ട്‌സ്‌പോട്ടുകളില്‍ മാത്രമായി ചുരുക്കുന്നതിനെപ്പറ്റി ചിന്തിക്കണമെന്നും ഗ്രീന്‍ സോണുകളില്‍ ജനങ്ങള്‍ക്ക് വരുമാനം ലഭിക്കാന്‍ ഉതകുംവിധം സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കടുത്ത ദുരിതം അനുഭവിക്കുന്ന കുടിയേറ്റ തൊഴിലാളികളെ പരിശോധനയ്ക്ക് വിധേയരാക്കിയശേഷം സുരക്ഷാ സംവിധാനങ്ങളൊരുക്കി സ്വന്തം വീടുകളിലേക്ക് പോകാന്‍ അനുവദിക്കണമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വദ്രയും സമിതിയില്‍ ആവശ്യപ്പെട്ടു. വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ഭരണകൂടങ്ങള്‍ ജനങ്ങളോട് അനുകമ്പ കാട്ടണമെന്നും ശത്രുതയോടെ പെരുമാറുന്നത് ശരിയല്ലെന്നും പ്രിയങ്ക പറഞ്ഞു.
രാജ്യത്തെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ നിലച്ചിരിക്കുന്ന സാഹചര്യത്തില്‍ വീണ്ടും തൊഴിലില്ലായ്മ വര്‍ധിക്കാനിടയുണ്ടെന്നും അതിനാല്‍ ദുരിതം അനുഭവിക്കുന്ന എല്ലാ കുടുംബങ്ങള്‍ക്കും 7500 രൂപവീതമെങ്കിലും സഹായം നല്‍കേണ്ടത് അത്യാവശ്യമാണെന്നും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി നേരത്തെതന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു.