വാഷിങ്ടണ്‍: നോട്ട് അസാധുവാക്കലിന്റെ ഗുണങ്ങള്‍ ഇന്ത്യയെ തേടി എത്തി തുടങ്ങിയതായി രാജ്യാന്തര നാണയനിധി (ഐ.എം.എഫ്).നിലവിലെ വളര്‍ച്ചാ നിരക്കിനേക്കാള്‍ അടുത്ത വര്‍ഷം 7.8% ആയി വര്‍ദ്ധിക്കുമെന്ന് ഐ.എം.എഫ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഏഷ്യ, പസഫിക് റീജ്യനല്‍ ഇക്കണോമിക് ഔട്ട് ലുക്ക് റിപ്പോര്‍ട്ടിലാണ് ഈ പരാമര്‍ശമുള്ളത്.ലോക് സഭ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുവാന്‍ പോകുന്ന ബി.ജെ.പിക്ക് ചൂണ്ടിക്കാട്ടാന്‍ നല്ലൊരു ആയുധമാണ് ഈ ആധികാരികമായ റിപ്പോര്‍ട്ട്.പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ടന്‍ തീരുമാനമായി പ്രതിപക്ഷം ആരോപിക്കുന്ന നോട്ട് നിരോധനം കൊണ്ട് ഭാവിയില്‍ ഇന്ത്യക്ക് വന്‍ നേട്ടമുണ്ടാകുമെന്ന കേന്ദ്ര സര്‍ക്കാര്‍ വിലയിരുത്തലാണ് ഇപ്പോള്‍ ഐ.എം.എഫും ശരിവച്ചിരിക്കുന്നത്.
ലോകത്ത് ഏറ്റവും വേഗം വളര്‍ച്ച പ്രാപിക്കുന്ന മേഖല ഏഷ്യയാണെന്നും ലോക സമ്പദ് വ്യവസ്ഥയുടെ പ്രധാനപ്പെട്ട ‘എന്‍ജിനാ’ണ് ഏഷ്യയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ആഗോള വളര്‍ച്ചയുടെ 60 ശതമാനവും ഏഷ്യന്‍മേഖലയില്‍ നിന്നാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.ഇതില്‍ ഭൂരിഭാഗവും ഇന്ത്യയില്‍നിന്നും ചൈനയില്‍നിന്നുമാണ്.
നേരത്തെ ഇന്ത്യയുടെ റേറ്റിങ് ബിബിബിമൈനസില്‍ രാജ്യാന്തര റേറ്റിങ് ഏജന്‍സിയായ ഫിച്ച് നിലനിര്‍ത്തിയിരുന്നു. നിക്ഷേപത്തിനുള്ള കുറഞ്ഞ ഗ്രേഡിങ്ങാണിത്. അതേസമയം, ഹ്രസ്വകാലാടിസ്ഥാനത്തില്‍ മികച്ച വളര്‍ച്ചാ സാധ്യത ഇന്ത്യയ്ക്ക് ഉണ്ടെന്നും ഫിച്ച് രേഖപ്പെടുത്തിയിരുന്നു. നടപ്പ് സാമ്പത്തിക വര്‍ഷം ഇന്ത്യ 7.3% വളര്‍ച്ച നേടുമെന്നും ഫിച്ച് വിലയിരുത്തുന്നു.